ന്യൂഡല്‍ഹി: ആന കടിച്ചത് പൈനാപ്പിള്‍ പടക്കമല്ല തേങ്ങാ പടക്കമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരെ വന്നു. പക്ഷേ, വക്കീല്‍ കൂടിയായ അവധ് ബിഹാരി സമ്മതിക്കുന്നില്ല. ആസൂത്രിതമായി പൈനാപ്പിളില്‍ പടക്കം വെച്ചു തീറ്റിച്ചു എന്നും സംഭവം സിബിഐ തന്നെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അദ്ദേഹം.
പന്നിക്ക് വെച്ച തേങ്ങാ പടക്കം കടിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അല്ലെങ്കില്‍, പ്രത്യേക അന്വേഷണം സംഘം കേസ് അന്വേഷിക്കണമെന്നാണ് പരാതിക്കാരനായ അഭിഭാഷകന് അവധ് ബിഹാരി കൗശികിന്റെ ആവശ്യം.
ആവശ്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ 41 പേജുള്ള ഹര്‍ജിയില്‍ സംഭവത്തെ പശ്ചാത്തലമാക്കി കവിതയും ചേര്‍ത്തിട്ടുണ്ട്. ആനയെ മനപ്പൂര്‍വം കൊന്നതാണെന്ന മട്ടില്‍ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ സാന്‍ എന്ന കവി തിടുക്കത്തില്‍ എഴുതിയ ഗര്‍ഭിണിയായ അമ്മ (പ്രഗ്നന്റ് മദര്‍) എന്ന കവിതയാണ് പരാതിയിലുള്ളത്.
അടുത്തയിടെ സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ആനക്കേസാണിത്. തന്റെ പ്രിയപ്പെട്ട ആനയെ സര്‍ക്കാരില്‍ നിന്നു വിട്ടുകിട്ടാന്‍ പാപ്പാന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയായിരുന്നു ആദ്യത്തേത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിനു സമീപമുള്ള ഗ്രാമവാസികള്‍ മനഃപൂര്‍വം നടത്തിയ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം ജില്ലയിലെ പത്തനാപുരത്തും സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
ആനയ്ക്ക് പറ്റിയ അപകടം കൊലയാളി റാക്കറ്റുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നാണ് അവധ് ബിഹാരിയുടെ ആരോപണം. രണ്ടു സംഭവത്തിലും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ആക്രമണം ചെറുക്കാന്‍ വെച്ച തേങ്ങാ പടക്കം ആന അബന്ധത്തില്‍ കടിച്ചതാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടും.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പറഞ്ഞതും ആനയ്ക്ക് പറ്റിയ അപകടം ആക്സമികമാണെന്നാണ്. എന്നാല്‍, ആനയ്ക്ക് പൈനാപ്പിളിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് മനഃപൂര്‍വം തിന്നാന്‍ നല്കി എന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ബിഹാരി ആരോപിക്കുന്നത്.
വിഷയത്തില്‍ ബിജെപി എംപി മേനക ഗാന്ധിയടക്കം കേരളത്തിനും മലപ്പുറം ജില്ലയ്ക്കുമെതിരേ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പരാര്‍ശം നടത്തിയത് വിവാദമായിരുന്നു. മലപ്പുറത്ത് ആനയ്ക്ക് മനപ്പൂര്‍വം സ്ഫോടക വസ്തു നല്കി കൊലപ്പെടുത്തി എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പോലും ചാടിക്കയറി പ്രതികരിച്ചത്.
സെബി മാത്യു