മണ്ണാർക്കാട്: തിരുവിഴാംകുന്ന് അന്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ മുഖ്യപ്രതികളെ ഇനിയും പിടികൂടാനായില്ല. ഇവർക്കെതിരെയുള്ള ഹർജികളിൽ വാദം പൂർത്തിയായി.
കേസിലെ പ്രധാന പ്രതികളായ അച്ഛനെയും മകന്റെയും ഹർജിയിൽ ഹൈക്കോടതിവാദം പൂർത്തിയായി. അടുത്ത ദിവസം തന്നെ ഉത്തരവുണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇവർക്കായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി. രാജ്യാന്തര ശ്രദ്ധനേടിയ കേസിൽ വനംവകുപ്പും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽതന്നെയാണെന്നാണ് അന്വേഷണസംഘം പറയുന്നു.ഒന്നാംപ്രതിയായ തോട്ടമുടമ എടത്തനാട്ടുകര മുണ്ടക്കുന്ന് ഒതുക്കുംപുറത്ത് അബ്ദുൾകരീം (62), മകൻ റിയാസുദീൻ (35) എന്നിവരെയാണ് പിടികൂടാനുള്ളത്.
ഒളിവിലായ പ്രതികൾ ഇരുവരും മണ്ണാർക്കാട് കോടതിയിൽ ഹാജരാകുമെന്നു അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.ഒട്ടേറെ കുടുംബബന്ധങ്ങളുള്ള പ്രതികൾ ഇവരുടെ ആരുടെയെങ്കിലും സംരക്ഷണത്തിൽ രഹസ്യസങ്കേതത്തിലായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.
മൊബൈൽ ഫോണുകൾപോലും വീട്ടിൽ വച്ചാണ് പ്രതികൾഇരുവരും ഒളിവിൽ പോയത്.ഇതിനിടെ പ്രതികൾ തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർനടപടികൾ അടുത്തദിവസം കോടതിയിൽ നിന്നുണ്ടായേക്കുമെന്നാണ് വ്യക്തമാക്കുന്നത്.കേസിലെ മൂന്നാംപ്രതിയായ മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശിയായ വിൽസനെന്ന ടാപ്പിംഗ് തൊഴിലാളിയെ മാത്രമാണ് കേസിൽ വനംവകുപ്പ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പുനടത്തി റിമാൻഡ് ചെയ്തിരുന്നു.സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായകാട്ടാന മേയ് 27 ന് വൈകുന്നേരം നാലിനാണ് വെള്ളിയാർപുഴയിൽ ചെരിഞ്ഞത്.