അഗളി: ചക്ക സംസ്ഥാന ഓദ്യോഗിക ഫലമായി പ്രഖ്യാപനമുണ്ടാകുന്പോൾ ചക്കമരത്തിൽ മരണമണി മുഴക്കി വിഹരിക്കുകയാണ്. സംസ്ഥാന ഒൗദ്യോഗിക മൃഗമായ ആനകൾ. ചക്കയുടെ നാടായ അട്ടപ്പാടിയിലെ മലയോരമേഖലകളിലാണ് പ്ലാവുകൾക്കുനേരെ ഭീഷണി ഉയർന്നിരിക്കുന്നത്.
കുടിയേറ്റ കർഷകരായ മുൻതലമുറക്കാർ നാട്ടിൽനിന്നോ വിദൂരപ്രദേശങ്ങളിൽനിന്നോ ചക്കക്കുരു കൊണ്ടുവന്നു നട്ടുവളർത്തിയാണ് പ്ലാവുകളിൽ അധികവും. ഓരോ ചക്കവിരിയുന്പോഴും കൗതുകത്തോടെ നോക്കി എണ്ണിത്തിട്ടപ്പെടുത്തി മനസു നിറച്ചവരായിരുന്നു അവർ.
വറുതിക്കാലത്ത് ചക്കയും കുരുവും ചക്കപ്പഴവും അത്താണിയായിരുന്നു. ഇന്നും ചക്കയെ പ്രിയഭക്ഷണമാക്കി കരുതുന്നവരും ധാരാളം.മകരം പിറക്കും മുന്പുതന്നെ ഇവിടെ പ്ലാവുകളിൽ നിറയെ ചക്കകൾ പൊട്ടിവിരിയും. എന്നാൽ അവ മൂത്തുഭക്ഷിക്കാൻ പലർക്കും വിധിയില്ല. ചക്ക വിരിയുന്പോൾ തന്നെ വെട്ടിനശിപ്പിക്കുന്നവരും ധാരാളമുണ്ട്.
കാട്ടാനകളെ ഭയന്നാണ് പലരും പിഞ്ചുചക്കകൾ നിറകണ്ണുകളോടെ വെട്ടിവീഴ്ത്തുന്നത്.
ചക്ക മൂപ്പെത്തുംമുന്പേ കാട്ടാനകൾ പറന്പിൽ സ്ഥിരം സന്ദർശകരാകും. പറന്പിലെ വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ തള്ളിമറിച്ചും വലിച്ചു കീറിയും ചവിട്ടി നിരപ്പാക്കിയും നാശംവിതയ്ക്കുന്നു.
ഇതു ഒഴിവാക്കാനാണ് പലരും തങ്ങളുടെ പറന്പിലെ പ്ലാവുകൾ ചുവടെ വെട്ടിമറിക്കുകയോ വിരിയുന്ന ചക്കകൾ വെട്ടിക്കളയുകയോ ചെയ്യുന്നതെന്ന് കൃഷിക്കാർ പറയുന്നു.പ്ലാവിനോടെന്നപോലെ മാവിനോടും ഇത്തരത്തിൽ ക്രൂരത കാട്ടാൻ കർഷകർ നിർബന്ധിതരാകുന്നുണ്ട്.
പടിഞ്ഞാറൻ അട്ടപ്പാടിയിലാണ് മാവും പ്ലാവും ഏറെയുള്ളത്. ഇതുകൊണ്ടുതന്നെ മാങ്ങയും പാകമാകുന്നതോടെ പ്രദേശത്ത് ആനകളുടെ വിളയാട്ടവും വർധിക്കുന്നു.സംസ്ഥാന ഒൗദ്യോഗിക മൃഗത്തോടു കാട്ടുന്ന കാരുണ്യവും പരിഗണനയും പ്രാധാന്യവും സംസ്ഥാന ഒൗദ്യോഗിക ഫലമായ ചക്കയോടും ഒപ്പം കർഷകരോടും കാട്ടണമെന്നാണ് മലയോര കർഷകസമൂഹം ആവശ്യപ്പെടുന്നത്.