കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ രണ്ട് ആനകൾ വ്രണവുമായി ദുരിതജീവിതത്തിൽ. രാജ്കുമാർ എന്ന മോഴ ആനയും റാണ എന്ന ആനയുമാണ് കാലിലും ദേഹത്തും വ്രണവുമായി കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസമായി ആനകളുടെ ദേഹത്ത് വ്രണം വരികയും അത് പഴുത്ത് പൊട്ടിയൊലിക്കാനും തുടങ്ങിയിരുന്നു. ആദ്യം കാര്യമാക്കാതിരുന്ന വനപാലകർ സംഗതി വിവാദമാകുമെന്ന് കണ്ട് വെറ്റിറിനറി ഡോക്ടറെ വരുത്തി മരുന്ന് നൽകി. എന്നാൽ അത് വീണ്ടും പഴുത്തിരിക്കുകയാണ്.
കാലിലെ വ്രണത്തിൽ ചങ്ങലയും കിടപ്പുണ്ട്. ഇത് കാരണം മുറിവ് കൂടാനാണ് സാധ്യത. രാജ്കുമാർ എന്ന 40 വയസ്സുള്ള ആനയെ ഇപ്പോൾ ആനസവാരിയ്ക്ക് വിട്ടുകൊടുക്കുന്നില്ല. ആനയെ പുനരധിവാസ കേന്ദ്രത്തിൽ സഞ്ചാരികൾ എത്താത്ത സ്ഥലത്താണ് നിറുത്തിയിരിക്കുന്നത്. മുറിവിൽ മഞൾ പുരട്ടിയുണ്ട്.
രാജ്കുമാറിനെ വർഷങ്ങൾക്ക് മുൻപ് മുംബൈയിൽ നിന്നും കൊണ്ടുവന്നതാണ്. തിരുവനന്തപുരത്തെ മ്യൂസിയത്തിൽ നിന്നാണ് 2014 ൽ ആന ഇവിടെ എത്തുന്നത്. ആനപ്പുറത്ത് സവാരിക്കാണ് രാജ്കുമാറിനെ അന്നു മുതൽ ഉപയോഗിച്ചിരുന്നത്. വയനാട്ടിൽ നിന്നും എത്തിച്ചതാണ് റാണ എന്ന പിടിയാന. ഈ ആനയും വ്രണം കൊണ്ട് ദുരിതത്തിലാണ്.
ഇതിനേയും മഞ്ഞൾ പൊടി തേച്ചാണ് നിറുത്തിയിരിക്കുന്നത്. കാപ്പുകാട്ടിലെ ആന പരിചരണ കേന്ദ്രത്തിൽ ആനകൾ ദുരിതമാണ് അനുഭവിക്കുന്നത് എന്ന് പരാതി ഉയർന്നിട്ടുണ്ട്. അടുത്തിടെ രാജ്യാന്തര ഫോട്ടോഗ്രാഫർ നിക്കി ഊട്ട് ഇവിടെ എത്തിയിരുന്നു. എന്നാൽ ഒരു മാധ്യമങ്ങളേയും അറിയിക്കാതെ രഹസ്യമായാണ് വനം വകുപ്പ് നിക്കി ഊട്ടിനെ എത്തിച്ചത്.
അടുത്തിടെയാണ് ഒരു കുട്ടികൊമ്പൻ ഇവിടെ ചരിഞ്ഞത്. അസുഖം വന്നാൽ പാപ്പാന്മാർക്ക് അറിയാവുന്ന മരുന്ന് നൽകും. മാരകമായാൽ വെറ്റിറിനറി ഡോക്ടറെ വരുത്തും. ഇവിടെ സ്ഥിരമായി ഒരു ഡോക്ടർ ഇല്ല. ആവശ്യത്തിന് പാപ്പാന്മാരും ഇവിടില്ല. നാല് പേരാണ് ഉള്ളത്. അതിൽ മിക്കവരും കരാർ തൊഴിലാളികൾ. അസുഖം വന്ന ആനകളെ പരിചരിച്ചതും മരുന്ന് നൽകിയതും പരിശീലനം ഇല്ലാത്ത പാപ്പാന്മാരാണെന്ന് പരക്കെ പരാതി വന്നിരിക്കുകയാണ്.