ചേർത്തല: എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ കൊമ്പൻ ഒന്നരമണിക്കൂറോളം ചേർത്തലയിൽ പരിഭ്രാന്തി പടർത്തി. വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ഊരുവലം എഴുന്നള്ളത്തിന് തിടന്പേറ്റിയ പാലാ വേണാട്ടുമഠം ശ്രീകുമാർ എന്ന ആനയാണ് ഇന്നലെ രാവിലെ പത്തരയോടെ ഇടഞ്ഞത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് പാപ്പാന്മാർക്ക് ആനയെ തളയ്ക്കാനായത്.
ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിനു സമീപം പറയെടുത്തു മടങ്ങാനൊരുങ്ങുന്പോൾ പാപ്പാനെ അനുസരിക്കാതെ ആന ഇടയുകയായിരുന്നു. ആനപ്പുറത്തു തിടന്പുമായി ഇരുന്ന ശ്രീകുമാർ നന്പൂതിരി ചാടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ വീടുകളിലൂടെയും പറന്പിലൂടെയും ഓടിയ ആന നഗരമധ്യത്തിലെത്തിയും ഓട്ടം തുടർന്നു. ഇതോടെ ആന ഇടഞ്ഞോടുന്ന വാർത്ത നാടാകെ ഭീതിപരത്തി.
എക്സ്റേ കവല, അപ്സര കവല, താലൂക്ക് ആശുപത്രി, ഫയർസ്റ്റേഷൻ, സെന്റ് മേരീസ് പാലം, പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ്, ആഞ്ഞിലിപ്പാലം, വല്ലയിൽവഴി പുരുഷൻ കവലയ്ക്കു സമീപമെത്തി. ഇവിടെയെത്തിയ ആനയെ ഉച്ചയ്ക്ക് 12ഓടെ ഒന്നാം പാപ്പാൻ മനോജ് തന്ത്രപൂർവം വൈദ്യുതി പോസ്റ്റിൽ തളക്കുകയായിരുന്നു. ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
സ്ഥലത്തെത്തിയ അഗ്നിശമനസേന ആനയെ തണുപ്പിക്കാൻ പൈപ്പിൽ വെള്ളംചീറ്റിച്ചു. പിന്നീടു സമീപത്തെ പുരയിടത്തിലേക്കു മാറ്റിത്തളച്ച ആനയെ പാലായിലേക്കു ലോറിയിൽ കൊണ്ടുപോയി. ഇടഞ്ഞ ആന അധികം നാശനഷ്ടമുണ്ടാക്കിയില്ല. ഓട്ടത്തിനിടെ ചേർത്തല എക്സ്റേ കവലയ്ക്ക് വടക്ക് പത്മാലയം എസ്. മുരളിയുടെ വീട്ടുവളപ്പിൽ പ്രവേശിച്ച ആന മതിൽ പൊളിച്ചാണു പുറത്തിറങ്ങിയത്.
ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ ഇരുദിക്കുകളിലും പോലീസ് വാഹനഗതാഗതം തടഞ്ഞു. റോഡിലൂടെയും വീടുകൾ കയറിയും ഓടിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. ആന ഇടഞ്ഞതുമുതൽ തളയ്ക്കുംവരെ പാപ്പാന്മാരും പോലീസും ആനയെ പിന്തുടർന്നു. അഗ്നിശമനസേന, റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ആനയെ തളച്ചതറിഞ്ഞതോടെയാണ് നാട്ടുകാരിൽ മണിക്കൂറുകളോളം നിലനിന്ന ഭീതിയകന്നത്. ആനപ്പുറത്തുനിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നിസാര പരിക്കേറ്റ ശ്രീകുമാർ നന്പൂതിരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഡിവൈഎസ്പി എ.ജി ലാൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ വി.പി മോഹൻലാൽ, എസ്ഐ ജി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർത്തല, മാരാരിക്കുളം, അർത്തുങ്കൽ സ്റ്റേഷനുകളിലെ പോലീസ് രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു. ഫയർ ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിൽ അഗ്നിശമനസേനയും എത്തി.