കുഴൽമന്ദം: കുളവൻമുക്ക് പുൽപ്പുരമന്ദത്ത് വിഷുവേല ഉത്സവത്തിനു കൊണ്ടുവന്ന ആനയിടഞ്ഞ സംഭവത്തിൽ ഉടമയ്ക്കും പാപ്പാന്മാർക്കെതിരേയും ഉത്സവകമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർക്കെതിരേയും കേസെടുത്തു. ആനയുടമ തൃശൂർ സ്വദേശി ഭരതൻ, പാപ്പാന്മാരായ രാജു, ഭാസ്കരൻ, സജി, ക്ഷേത്രകമ്മിറ്റിയിലെ വാസു കളപ്പെട്ടി, ചെന്താമരാക്ഷൻ, സുന്ദരൻ കരിഞ്ഞാംതൊടി, രാധാകൃഷ്ണൻ കരിഞ്ഞാംതൊടി, കണ്ണൻ കുഴൽമന്ദം എന്നിവരുടെ പേരിലാണ് കേസ്.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വടക്കുംനാഥൻ ഗണപതിയെന്ന ആന ഇടഞ്ഞത്. പാപ്പാനെ കുത്തിപരിക്കേല്പിച്ചശേഷം കലിയടങ്ങാതെ വീടുകളുടെ മതിലുകളും എലിഫന്റ് സ്ക്വാഡിന്റെ ഉൾപ്പെടെ നാലുവാഹനങ്ങളും ആന തകർത്തിരുന്നു.
മൂന്നുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ തൊട്ടടുത്ത പറന്പിലാണ് പിന്നീട് തളച്ചത്.ആനയെ വീണ്ടും എഴുന്നള്ളത്തുകളിൽ പങ്കെടുപ്പിക്കുന്നതിനുമുന്പ് മൃഗചികിത്സാ വിദഗ്ധരുടെ പ്രത്യേകസംഘം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് വനംവകുപ്പ് നിർദേശിച്ചു.