കുണ്ടറ : ഉത്സവത്തിനായി കൊണ്ടുവന്ന ആന ഏറെ നേരം നാട്ടുകാരെ പരിഭ്രാന്തരാക്കി. കിഴക്കേകല്ലട മാർത്താണ്ഡപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇന്ന് രാവിലെ നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.
ആന ചില അസ്വസ്ഥതകൾ കാട്ടിയതിനെതുടർന്ന് ആനയെ മടക്കിക്കൊണ്ടുപോകാൻ ലോറിയിൽ കയറ്റാൻശ്രമിക്കവെയാണ് ആന പാപ്പാനെ അനുസരിക്കാതെ റോഡിലൂടെയും പിന്നിട് വയലിലൂടെയും ഇറങ്ങിയത്. ക്ഷേത്രത്തിലേക്ക് കൊടിക്കൂറ നേർച്ചയായി നൽകിയയാളുടെ വീട്ടിൽവരികയും കൊച്ചുപ്ലാംമൂട് ഭാഗത്ത് കയലിലൂടെ നീന്തുകയും തിരിച്ച പഴയ സ്ഥലത്ത് എത്തുകയുമായിരുന്നു.
ആർക്കും ശല്യമുണ്ടാക്കിയില്ലെങ്കിലും നാട്ടുകാരുടെ പേടിമാറിയില്ല. തുടർന്ന് കൊടുവിള ശിവക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിന്റെ മുറ്റത്ത് നിലയുറപ്പിച്ച ആനയെ പാപ്പാനെത്തി തളയ്ക്കുകയായിരുന്നു.