കൊല്ലങ്കോട്: ആനമാറിയിയിൽ ഞായറാഴ്ച്ച എഴുന്നള്ളിപ്പിനിടെ ഇടഞ്ഞോടിയ ആനയ്ക്കുമുന്നിൽ അകപ്പെട്ട പൂർണഗർഭിണി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പനങ്കാവ് ആറുമുഖന്റെ മകൾ രജിത (24)യാണ് മനഃസാന്നിധ്യംകൊണ്ടു മൂന്നടി ദൂരവ്യത്യാസത്തിൽ ആനയ്ക്കുമുന്നിൽനിന്നും രക്ഷപ്പെട്ടത്.
നെണ്ടൻകിഴായ കണ്ടൻചിറ കവറ ആറാട്ടിനോട് അനുബന്ധിച്ചായിരുന്നു എഴുന്നള്ളിപ്പ്.ആനമാറിയിൽ എഴുന്നള്ളിപ്പ് എത്തിയപ്പോൾ ആനകൾ മൂന്നു ദിശകളിലേക്കായി ഓടുകയായിരുന്നു. ഇതിൽ നന്തിലത്ത് ഗോപാലൻ എന്ന ആന പടിഞ്ഞാറു ഭാഗം ലക്ഷ്യമാക്കി പനങ്കാവിലേക്ക് ഓടി.
സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പനങ്കാവ് ഭാഗത്തെ വീടുകളിലേക്ക് ആന ഇടഞ്ഞ് ഓടിവരുന്ന വിവരം മൊബൈലിൽ അറിയിച്ച സമയത്ത് രജിതയും അമ്മ പാർവതിയും അച്്ഛൻ ആറുമുഖനു ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു.മൊബൈൽ സന്ദേശം ലഭിച്ച് സെക്കൻഡുകൾക്കുള്ളിൽ ഓടിയെത്തിയ ആനയുടെ മുന്നിൽ രജിത അകപ്പെടുകയായിരുന്നു.
എന്നാൽ ആത്മസംയമനം പാലിച്ച് നാലടി ദൂരെയുള്ള വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടയ്ക്കുകയായിരുന്നു.വീടിനുമുന്നിലെ വയലിൽ കാൽ കുടുങ്ങിയ ആന പിന്നീട് ആറുമുഖന്റെ വീടിന്റെ മതിലും സണ്ഷേഡും തകർത്തു. തുടർന്ന് വീടിന്റെ വരാന്തയിലേക്കു ആന കയറിയെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായില്ല. രാത്രി 7.10നായിരുന്നു സംഭവം. തുടർന്ന് അയൽവാസിയുടെ വീട്ടുവളപ്പിലേക്ക് കടക്കുന്നതിനിടെ സർവീസ് വയർപൊട്ടി താഴെ വീഴുകയും ചെയ്തു.
ഇതുവകവയ്ക്കാതെ മുന്നോട്ടുനീങ്ങിയ ആന പിന്നീട് ഇരുന്നൂറുമീറ്റർ അകലെ ഇരുന്പു ബീമുകൾക്കിടയിൽ കുടുങ്ങി. പിന്തുടർന്ന് എത്തിയ പാപ്പാന്മാരുടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പിറകോട്ടുതള്ളി തളച്ചു. ചങ്ങനാറിയിൽ സുധാകരൻ, ദിനേശ് എന്നിവരുടെ വീടിന്റെ മതിലും ആന തകർത്തു. രാത്രി 8.30-ഓടെ ഇടഞ്ഞോടിയ മൂന്നാനകളെയും തളച്ച് മരത്തിൽ തളച്ചു.