ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനെത്തിയ ആനകൾ ഇടഞ്ഞു. ഇന്ന് രാവിലെ ആറിനായിരുന്നു സംഭവം. പുലർച്ചെ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും പൂർത്തിയായതിനു ശേഷം നടപന്തലിനു സമീപം നിൽക്കുകയായിരുന്ന ആനകളിൽ ഒന്നിനെ പാപ്പാന്മാർ അടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിലാണ് ആനകൾ ഇടഞ്ഞത്.
ഇടഞ്ഞ മൂന്നു ആനകളിൽ രണ്ടെണ്ണത്തിനെയും ക്ഷേത്രാങ്കണത്തിൽ വച്ച് അൽപ്പ സമയത്തിനകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ ഉഴവൂർ കണ്ണൻ എന്ന ആന ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ഓടുകയായിരുന്നു. നടവരന്പിലെത്തിയ ആന കല്ലംകുന്ന്, വഴിക്കിലിച്ചിറ, കൊറ്റനെല്ലൂർ ആക്കംപിള്ളി പൊക്കം വഴിയാണ് ഓടിയത്.
വഴിക്കിലിച്ചിറയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പിൽ ആനയെ തളച്ചു. തൃശൂരിൽ നിന്നും എത്തിയ എലിഫന്റ് സ്ക്വാഡിലെ പത്തു പേർ ചേർന്നാണ് ആനയെ തളച്ചത്. ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷനുകളിലെ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
ആനയുടെ ഒന്നാം പാപ്പാന് തുന്പികൈ കൊണ്ട് അടിയേറ്റു. റോഡിലൂടെ കിലോമീറ്ററുകളോളം ഓടിയ ആനയെ ഇന്ന് രാവിലെ 8.45 ടെയാണ് തളച്ചത്.