ശ്രീകണ്ഠപുരം (കണ്ണൂർ): ചന്ദനക്കാംപാറ നറുക്കും ചീത്തയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിച്ചത്. പുളിക്കത്തടത്തിൽ ചന്ദ്രന്റെ കൃഷി സ്ഥലത്തെ 15 മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറിലാണ് ആന വീണത്.
ബുധനാഴ്ച പുലർച്ചെ രണ്ട് ആനകൾ കൃഷിയിടത്തിൽ എത്തിയിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും തുരത്തുന്നതിനിടെ ഒരെണ്ണം കിണറ്റിൽ വീഴുകയായിരുന്നു. ഉപയോഗശൂന്യമായ കിണറാണിത്. പാടാംകവലയിൽ നിന്നുള്ള വനംവകുപ്പ് അധികൃതരും പയ്യാവൂർ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കഴിഞ്ഞയാഴ്ച ചന്ദനഗിരിയിൽ രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ ഒൻപത് ആനകൾ കാടിറങ്ങിയത് പ്രദേശവാസികളിൽ ഭീതി നിറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാട്ടാനയിറങ്ങിയത്.