കണമല : 20 ലക്ഷം രൂപ കച്ചവടം ഉറപ്പിച്ച് രണ്ട് ആനക്കൊന്പുകൾ വിൽക്കാൻ ഓട്ടോ ഡ്രൈവറും സംഘവും കൊണ്ടുവന്നത് വേഷം മാറിയെത്തിയ വനപാലകന്റെ അടുക്കൽ. മറഞ്ഞിരുന്ന വനപാലക സംഘം ഇവരെ പിടികൂടാൻ ഓടിയെത്തിയപ്പോൾ വിൽപ്പന സംഘത്തിലെ പ്രധാനി കൈവശമുണ്ടായിരുന്ന പിച്ചാത്തി ഉദ്യോഗസ്ഥർക്ക് നേരെ വീശി ഓടി രക്ഷപ്പെട്ടു. ആനക്കൊന്പുകളും നാടൻ ഒറ്റക്കുഴൽ തോക്കും പിടികൂടി. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
സംഘത്തിലെ മറ്റ് അഞ്ചു പേർക്കായി തെരച്ചിലാരംഭിച്ചു. ഇന്നലെ എരുമേലിയിൽ വലിയന്പലത്തിന് സമീപം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലാണ് ആനക്കൊന്പ് വിൽപ്പന സംഘം വനപാലകരുടെ വലയിലായത്. മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് യൂണിറ്റ് കണ്വീനറുമായ ആശപ്പൻ എന്ന് വിളിക്കപ്പെടുന്ന കുറ്റിയിൽ വീട്ടിൽ മഹേഷ് (32) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്ക് നിർമാതാവ് ഇടകടത്തി സ്വദേശി മടുക്കക്കാലായിൽ രാജൻ ആണ് പിച്ചാത്തി കാട്ടി ഓടി രക്ഷപ്പെട്ടത്.
സംഘത്തിലെ മറ്റുളളവരിൽ ഓട്ടോ ഡ്രൈവറുടെ സുഹൃത്തും വാഹന കച്ചവടക്കാരനുമായ മുട്ടപ്പളളി പുതുപ്പറന്പിൽ സാൽവിൻ (35), ചാത്തൻതറ സ്വദേശി പാറക്കൂട്ടത്തിൽ മോഹനൻ, ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി യുവാവ് എന്നിവരാണ് ഒളിവിലായത്. ഗവി വനമേഘലയിൽ ചെരിഞ്ഞ ആനയുടെ കൊന്പുകളാണെന്ന് പറഞ്ഞ് വനത്തിലെ ആദിവാസി യുവാവാണ് സംഘത്തിന് കൊന്പുകൾ വിൽപ്പനക്കായി തന്നതെന്ന് അറസ്റ്റിലായ പ്രതി വനപാലകരോട് പറഞ്ഞു. കൊന്പുകൾക്ക് പത്ത് കിലോഗ്രാം ഭാരമുണ്ട്.
20 വയസ് പ്രായമുളള ആനയുടേതാണ് കൊന്പുകളെന്ന് സംഘത്തിനെ നാടകീയമായി കുടുക്കിയ പന്പ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജീഷ് പറഞ്ഞു. കത്തി കാട്ടി ഓടി രക്ഷപ്പെട്ട രാജന്റെ വീട്ടിൽനിന്നാണ് കൊന്പുകളും തോക്കും കണ്ടെടുത്തത്. വിൽപ്പനക്കുളള ഇടനിലക്കാരായിരുന്നു സംഘത്തിലെ മറ്റുളളവർ. കൊന്പുകൾ നൽകിയ ആദിവാസിയെ പിടികൂടാൻ വനത്തിൽ പ്രത്യേക സംഘം തിരച്ചിലാരംഭിച്ചിട്ടുണ്ട്.
മറ്റ് പ്രതികൾ മുക്കൂട്ടുതറ കെഒറ്റി റോഡ്, മുട്ടപ്പളളി, ചാത്തൻതറ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന. കൊന്പുകൾക്ക് അഡ്വാൻസ് തുക നൽകാനെന്ന വ്യജേനെ റേഞ്ച് ഓഫിസർ ജ്യോതിഷിൻറ്റെ നേതൃത്വത്തിൽ ഫ്ളയിംഗ് സ്ക്വാഡിലെ അംഗങ്ങൾ മഫ്തിയിൽ എരുമേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. അനിൽ, കെ ബി രാജേഷ്, കെ അനിൽ കുമാർ, സനീഷ്, എൻ ശ്രീകുമാർ, ജി മഹേഷ്, കെ പി ലജികുമാർ എന്നിവരുൾപ്പെട്ട വനപാലക സംഘമാണ് അന്വേഷണം നടത്തിയത്.