തുറവൂർ: ആന ഇടഞ്ഞ് തകർത്ത മതിലിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകുന്നില്ലെന്ന് പരാതി. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ വളമംഗലം പായ്ക്കാട്ട് വീട്ടിൽ കണ്ണന്റെ മതിലാണ് ആന പൊളിച്ചത്.
കഴിഞ്ഞവർഷം സെപ്റ്റംബർ മാസമായിരുന്നു സംഭവം. മുല്ലക്കൽ അന്പലത്തിലെ ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കണ്ണന്േറയും വീടിന്റെ ചുറ്റുമതിൽ തകർത്തിരുന്നു.
ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതുകാണിച്ച് തിരുവിതാംകൂർ ദേവസം ബോർഡ്, റവന്യു ഉദ്യോഗസ്ഥർ, പോലിസ് ഡിപ്പാർട്ട്മെന്റ്, മുല്ലയ്ക്കൽ ദേവസം, അന്പലപ്പുഴ ദേവസം അസിസ്റ്റൻറ് കമ്മീഷണർ, ഹരിപ്പാട് ദേവസ്യം ഡെപ്യൂട്ടി കമ്മിഷണർ തുടങ്ങിയവർക്കു പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.
ഈ മേഖലയിൽ ആനനാശനഷ്ടം ഉണ്ടാക്കി മറ്റുള്ളവർക്ക് നഷ്ടപരിഹാരം നൽകിയപ്പോൾ കണ്ണനും നഷ്ടപരിഹാരം നൽകാം എന്ന പറഞ്ഞെങ്കിലും ഇതു വാക്കുകളിൽ ഒരുങ്ങുകയായിരുന്നു. തന്റെ മതിൽ തകർന്നതിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് സമരത്തിനു തയാറെടുക്കുകയാണ് കണ്ണൻ എന്നു വിളിക്കുന്ന കൃഷ്ണദാസ്.