പാലക്കയം: പാലക്കയം മലയോരമേഖലയെ വിറപ്പിച്ചുള്ള കാട്ടാനയുടെ വിളയാട്ടത്തില്‍ പാലക്കയം, വാക്കോടന്‍, കാഞ്ഞിരപ്പുഴ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. കാട്ടാന ഒരാളെ തുന്പിക്കൈകൊണ്ട് അടിക്കുകയും കിണറിന്റെ ആള്‍മറ തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് കാറും സ്കൂട്ടറും നശിപ്പിച്ചു. ആനയുടെ അടിയേറ്റ മുഹമ്മദുകുട്ടിക്കു തലനാരിഴയ്ക്കാണ് ജീവന് തിരിച്ചു കിട്ടിയത്.
ഇന്നലെ രാവിലെ ഏഴിനാണ് കാഞ്ഞിരപ്പുഴ പിച്ചളമുണ്ടയില്‍ നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. കാഞ്ഞിരപ്പുഴ കൂമ്പാടത്തുനിന്നും പുളിക്കല്‍ സ്കൂളിന് പിറകിലൂള്ള ക്വാര്‍ട്ടേഴ്സ് വഴി എത്തിയ കാട്ടാന മാട്ടുമ്മലില്‍ സ്കൂട്ടര്‍ ആക്രമിക്കാന്‍ ഒരുങ്ങി.
എന്നാല്‍ കനാല്‍പാലം മുറിച്ചു കടക്കവേ ആനയെ കണ്ട ഇയാള്‍ സ്കൂട്ടര്‍ ഇട്ട് ഓടിരക്ഷപ്പെട്ടു. പുഴയില്‍ ആനയെകണ്ട് ഓടിയ കല്ലുവളപ്പില്‍ അബുവിന് വീണും പരിക്കേറ്റു. പിച്ചളമുണ്ട കനാലില്‍ ഇറങ്ങിയ കാട്ടാന കുറച്ചുദൂരം കനാലിലൂടെ നടന്നു.
ചിന്നംവിളിച്ച് വിഹരിച്ച കൊമ്പന് പിന്നീട് കരയിലേക്കുകയറി അധികാരിപ്പടി കൈയുണ്ടപ്പടി വഴി പാലക്കയം പായപ്പുല്ലിലെത്തി. തുടര്‍ന്നു ആനയെ അച്ചിലട്ടി മൂന്നേക്കര്‍ വനത്തിലേക്ക് നാട്ടുകാരും വനപാലകരും കയറ്റിവിട്ടു.
രാവിലെ ആറിന് അമ്പാഴക്കോടും കാട്ടാനയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇത് മറ്റൊരാനയാണോയെന്നു സംശയിക്കുന്നതായും പറയുന്നു. പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന വീട്ടുമുറ്റത്തു കൂടിയും മറ്റു ജനവാസമേഖലയിലും വിഹരിച്ചു.
ആനയിറങ്ങിയ ഭാഗത്ത് കുളിക്കാനെത്തിയ സ്ത്രീകളും കുട്ടികളും മറുഭാഗത്ത് ആനയെത്തിയതു കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. മദ്രസയിലേക്ക് പോയ കുട്ടികളും ആനയെക്കണ്ട് ഭയപ്പെട്ടു.
പായപ്പുല്ലിലേക്കുള്ള യാത്രയ്ക്കിടെ കൊമ്പന് മാളിയേക്കല്‍ ഷാജുവിന്റെ കിണറിന്റെ ആള്‍മറ തകര്‍ത്ത് മോട്ടോര്‍ എടുത്തെറിഞ്ഞു. കൈയുണ്ടപ്പടിയില് പാറോക്കോട്ടില്‍ മുഹമ്മദുകുട്ടിയുടെ പിറകില്‍ തുമ്പിക്കൈകൊണ്ട് അടിച്ചു.
എന്നാല്‍ രണ്ട് പാറകള്ക്കിടയില്പെട്ട താന്‍ തൊട്ടടുത്ത മറ്റൊരു പാറക്കല്ലിലെത്തിയാണ് രക്ഷപ്പെട്ടതെന്ന് മുഹമ്മദുകുട്ടി പറഞ്ഞു. മുതുകിനും കാലിനും പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടര്‍ന്ന് ക്ലബ് പടിയിലെത്തിയ ആന മേലെമുറിയില്‍ ജോമോന്റെ കാറിന്റെ മുന്‍ഭാഗത്തേയും വലതുഭാഗത്തേയും ചില്ലുകള്‍ തകര്‍ക്കുകയും പുളിനില്ക്കുംകാലയില് ടോമിയുടെ വീടിന്റെ ഷീറ്റും തകര്‍ത്തതായി തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ പറഞ്ഞു. മുതുകുര്‍ശി ഭാഗത്തും ആനയെ കണ്ടതായി പറയപ്പെടുന്നു.