ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കോൽക്കത്ത സ്വദേശിയായ ഭക്തൻ ആർ.ജി. ബൻസാലാണ് ദേവസ്വത്തിൽ പത്തുലക്ഷം രൂപ അടച്ചതിനുശേഷം നടയിരുത്തിയത്. ഇന്നുരാവിലെ ശീവേലിക്കുശേഷമായിരുന്നു ചടങ്ങ്.
ഗുരുവായൂർ ദേവസ്വത്തിന്റെ കൊന്പൻ കൃഷ്ണനാരായണനെയാണ് നടയിരുത്തിയത്. രാവിലെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞതിനുശേഷം അണിഞ്ഞതിനുമുകളിൽ വെള്ളയും കരിന്പടവും വച്ചതിനുശേഷം ആനയ്ക്ക് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നന്പൂതിരി കളഭം ചാർത്തി.
തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ആനയെ നടയിരുത്തുന്നതിന് അവകാശികളായ മാതേംപാട്ട് തറവാട്ടിലെ അംഗം എന്നിവർ ചേർന്ന് തോട്ടിയും കോലും കൈമാറിയാണ് ചടങ്ങ് നിർവഹിച്ചത്. ദേവസ്വം ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡിഎ പി. ശങ്കുണ്ണിരാജ്, ജീവധനം മാനേജർ എ.കെ. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ നടയിരുത്തുന്നത് നിർത്തിവച്ചിരിക്കുകയാണ്.
തൃശൂരിലെ വ്യവസായിയായ ഗോപു നന്തിലത്ത് അടുത്തകാലത്ത് ഒരു ആനയെ നടയിരുത്തുന്നതിനായി സന്നദ്ധത അറിയിച്ചുട്ടുണ്ട്. ഇതിനായി ഉടമസ്ഥവകാശരേഖകളുള്ള ആനയെ വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.
ദേവസ്വം ഭരണസമിതിയുടെ അനുമതി ലഭിച്ചാൽ ഉടൻ ആനയെ നടയിരുത്തും.