കൽപ്പറ്റ: വയനാട്ടിലെ വന്യജീവിശല്യത്തിനു പരിഹാരം കാണാൻ കർഷകർ ഉപരോധിക്കേണ്ടത് രാഷ്ട്രീയ നേതാക്കളെയും എംപിയും എംഎൽഎമാരും ഉൾപ്പെടെ ജനപ്രതിനിധികളെയുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വടക്കനാടിനു സമീപം വനം ഉദ്യോഗസ്ഥരെ ദിവസത്തോളം തദ്ദേശവാസികൾ തടഞ്ഞുവച്ചത് ദൗർഭാഗ്യകരമാണ്.
വന്യജീവി പ്രശ്നം പരിഹരിക്കേണ്ടതും ആനയെ പിടിക്കാൻ ഉത്തരവിടേണ്ടതും വനം-വന്യജീവി വകുപ്പിലെ താഴ്ത്തട്ടിലുള്ള ഉദ്യോഗസ്ഥരല്ല. ഭരണ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമാാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ആത്മാഭിമാനത്തോടെയും നിർഭയമായും തെതൊഴിൽ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ മൗലികാവകാശമാണ് അവരെ ബന്ദികളാക്കുന്നവർ ലംഘിക്കുന്നത്.
ജില്ലയിലെ രൂക്ഷമായ വന്യജീവി ശല്യത്തിനു ഉത്തരവാദികൾ സംസ്ഥാനം മാറിമാറി ഭരിച്ച ഇടതും വലതും മുന്നണികളാണ്. ജില്ലയിലെ വനത്തിന്റെ മൂന്നിലൊന്ന് തേക്ക്,യൂക്കാലിപ്ട്സ് തോട്ടങ്ങളാണ്. പൊടിപൊടിക്കുകയാണ് വനത്തിൽ ടൂറിസവും കന്നുകാലി മേയ്ക്കലും. അഞ്ചുകൊല്ലം ഭരണപക്ഷത്തും ഇപ്പോൾ പ്രതിപക്ഷത്തുമുള്ള എംഎൽഎ വന്യജീവി ശല്യത്തിന്റെ പേരിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിനു മുന്നിൽ നടത്തിയ സമരവും രോഷപ്രകടനവും കാപട്യവും പരിഹാസ്യവുമാണ്. ഇത് തിരിച്ചറിയാൻ കർഷകർ തയാറാകണം.
വിഷയങ്ങൾ സങ്കീർണമാകുന്പോൾ ജനക്കൂട്ടത്തിനു മുന്നിൽ നിന്ന് പ്രകടനം നടത്തുകയല്ല, പ്രശ്ന പരിഹാരത്തിനു സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചെയ്യേണ്ടത്. വടക്കനാട്ടുകാരുടെ ന്യായമായ ആവശ്യത്തെ പരിസ്ഥിതി പ്രവർത്തകർ അംഗീകരിക്കുന്നുണ്ട്. എന്നാൽ വനം ജീവനക്കാർക്കെതിരായ സമരത്തെ അംഗീകരിക്കാനാകില്ല. വടക്കനാട് വനത്തിലെ പ്രശ്നക്കാരായ കൊന്പനാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ വനം-വന്യജിവി വകുപ്പിനു വ്യക്തമായ നയമില്ല.
പ്രശ്നക്കാരായ കാട്ടാനകളുടെ കാര്യത്തിൽ സംസ്ഥാനത്താകെ ബാധകമാകുന്നവിധത്തിൽ നയം രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, തോമസ് അന്പലവയൽ, എ.വി. മനോജ്, ബാബു മൈലന്പാടി, സണ്ണി മരക്കടവ്, രാമകൃഷ്ണൻ ത്ച്ചന്പത്ത്, ഗോപാലകൃഷ്ണൻ മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു.