കോന്നി: ആനത്താവളത്തിൽ നിന്നു കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി കൊണ്ട് പോകുന്നതിന് മുമ്പുള്ളോരു കഥയാണ്.
കൃത്യമായി പറഞ്ഞാൽ 2018 തുടക്കത്തിൽ സുരേന്ദ്രൻ എന്ന ഗജവീരന്റെ സൗന്ദര്യം തലയ്ക്കു പിടിച്ച ഒരു ആനപ്രേമി അവന്റെ ഒരു ശിൽപം തീർക്കാനായി അങ്ങ് പറവൂരുള്ള കേരളത്തിൽ അറിയപ്പെടുന്ന ആന ശില്പികളിൽ ഒരാളായ സൂരജ് നമ്പ്യാട്ടിനെ സമീപിക്കുന്നു.
ആന ശില്പങ്ങളിൽ കൃത്യതയുടെ കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താത്ത സൂരജ് നമ്പ്യാട്ട് അന്ന് അത്രയ്ക്ക് പ്രസിദ്ധനല്ലാത്ത കോന്നി സുരേന്ദ്രന്റെ കാര്യത്തിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുക്കം ഈ ആനപ്രാന്തന്റെ ആവശ്യത്തിന് സമ്മതം മൂളുകയായിരുന്നു.
പിന്നെ അദ്ദേഹം നേരിട്ട് കോന്നിയിൽ വരികയും അവന്റെ വിവിധ തലങ്ങളിലുള്ള ചിത്രങ്ങളെടുക്കുകയും,ഒടുക്കം അളവുകളെടുത്തു ഒരു മിനിയേച്ചർ തന്നെ വരയ്ക്കുകയും ചെയ്തു.
പിന്നെ കാത്തിരിപ്പായിരുന്നു കേരളത്തെ പിടിച്ചുലച്ച ആദ്യത്തെ പ്രളയത്തിൽ നമ്പ്യാട്ടിന്റെ ശില്പ നിർമാണ ശാലയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഈ ആനപ്രാന്തന്റെ ആഗ്രഹം മുടക്കാൻ താത്പര്യമില്ലാതിരുന്ന അദ്ദേഹം ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ 2019 ൽ ആ ആഗ്രഹം സഫലീകരിച്ചു കൊടുത്തു.
ഒറ്റത്തടിശില്പം
വാകത്തടിയിൽ രണ്ടര അടി പൊക്കത്തിൽ തീർത്ത അതിമനോഹരമായ സുരേന്ദ്രന്റെ ശിൽപം.അതെ കോന്നിയ്ക്ക് സുരേന്ദ്രനെ നഷ്ടപ്പെട്ടെങ്കിലും ജീവൻ തുടിയ്ക്കുന്ന ഈ ശിൽപം ഇന്ന് ആനപ്രേമിയായ കോന്നി മുഞ്ഞിനാട്ട് ഹരിപ്രസാദിന്റെ വീട്ടിൽ ഭദ്രം .
വിദേശത്ത് ജോലി ചെയ്യുന്ന ഹരിപ്രസാദിനു ആനകളെ അത്രയ്ക്ക് ഇഷ്ടമാണ്. ബാല്യകാലത്ത് മനസിൽ പതിഞ്ഞ ആന കാഴ്ചകളും കഥകളും പിന്നീട് കൂടി വരികയായിരുന്നു.
ജോലി സംബന്ധമായി ഗൾഫ് നാടുകളിലേക്ക് ചേക്കേറിയെങ്കിലും ആനകളോടുള്ള ഹരിയുടെ ഇഷ്ടം ഇപ്പോൾ എത്തി നിൽക്കുന്നത് ഒറ്റത്തടി ശില്പത്തിലാണ്.
ഏതാണ്ട് 50,000 രൂപയിലധികം ചെലവഴിച്ചാണ് തടിയിൽ ശില്പം തീർത്തത്. കോന്നിയിൽ കൊച്ചയ്യപ്പനും രഞ്യും മീനയും ഉൾപ്പെടെയുള്ള ആനകളുടെ ശില്പങ്ങളും നിർമ്മിക്കണമെന്ന ആഗ്രഹത്തിലാണ് ഈ ആന പ്രേമി .