തൃശൂർ: നാട്ടാനയൊന്നിന് രണ്ടരയേക്കർ സ്ഥലം വേണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് ഇത്തരമൊരു നിർദ്ദേശമെന്നും എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ. ഒരാനയ്ക്ക് രണ്ടരയേക്കർ സ്ഥലം വീതം കണ്ടെത്തണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം വെല്ലുവിളിയാണെന്ന് ആനയുടമകൾ വ്യക്തമാക്കി.
രണ്ടു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇത് നടപ്പാക്കണമെങ്കിൽ സംസ്ഥാനത്താകെയുള്ള 371 നാട്ടാനകൾക്കായി 927.5 ഏക്കർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ നാട്ടാനകളുള്ള തൃശൂർ ജില്ലയെയാണ് ഇത്തരമൊരു നിർദ്ദേശം ഏറെ പ്രതികൂലമായി ബാധിക്കുക. തൃശൂരിലുള്ള 110 നാട്ടാനകൾക്കായി 275 ഏക്കർസ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് അവസ്ഥ.
സ്വകാര്യ ആന ഉടമകൾക്കും വിവിധ ക്ഷേത്രങ്ങൾക്കും ദേവസ്വങ്ങൾക്കും ഇത്തരമൊരു നിബന്ധന പ്രതിസന്ധിയായേക്കും. 48 ആനകളെ പരിപാലിക്കുന്ന ഗുരുവായൂർ ദേവസ്വത്തിനും വനം മന്ത്രാലയത്തിന്റെ ശുപാർശ വെല്ലുവിളി സൃഷ്ടിക്കും. എന്നാൽ സുപ്രീംകോടതി ഉത്തരവിൽ നാട്ടാനകളുടെ സർവേ നടത്താനും ഓണർഷിപ്പ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് അത് ലഭ്യമാക്കാനുമാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് ആന ഉടമകളുടെ വാദം.
ഇതുസംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് ഡിസംബർ 31നകം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. ആനയൊന്നിന് രണ്ടരയേക്കർ വേണമെന്ന നിർദ്ദേശം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇത്തരമൊരു നിർദ്ദേശം എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ശശികുമാർ പറഞ്ഞു.
വനംവകുപ്പുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും ചർച്ച നടത്തുമെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതിയെ കേരളത്തിലെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തുമെന്നുമാണ് ആന ഉടമകളുടെ നിലപാട്. കേരളത്തിലെ നാട്ടാന പരിപാലന രീതിയനുസരിച്ച് ഇത്തരമൊരു നിർദ്ദേശം നടപ്പാക്കാൻ സാധിക്കില്ലെന്ന് ആന ചികിത്സാ വിദഗ്ധനായ ഡോ.ഗിരിദാസ് ചൂണ്ടിക്കാട്ടി.
ആനകളെ സ്വതന്ത്രമായി തുറന്നുവിടുന്ന സഫാരി പാർക്കുകളിലും സംരക്ഷണ കേന്ദ്രങ്ങളിലും നടപ്പാക്കുന്ന മാനദണ്ഡമനുസരിച്ചാകാം ഇത്തരമൊരു നിർദ്ദേശമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ നാട്ടാന പരിപാലനവും ആചാരങ്ങളും എഴുന്നള്ളിപ്പുകളും സംസ്കാരവും പരിഗണിച്ചുകൊണ്ടല്ല ഇത്തരമൊരു നടപടിയെന്നും ഡോ.ഗിരിദാസ് പറഞ്ഞു.