മറയൂർ: ബൈക്ക് യാത്രികൻ കാട്ടാനക്കൂട്ടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാന്തല്ലൂർ കോവിൽക്കടവ് റോഡിൽ വെട്ടുക്കാട് ഭാഗത്ത് കീഴാന്തൂർ ഗ്രാമം സ്വദേശി പ്രശാന്ത് റോഡ് കുറുകെ ആനക്കൂട്ടം കടന്നുപോകുന്നതറിയാതെ ബൈക്കിൽ വരികയായിരുന്നു.
അടുത്തെത്തിയതും തൊട്ടുമുന്പിൽ നല്ല വേഗതയിൽ കാട്ടാനക്കൂട്ടം റോഡ് കുറുകെ കടന്നുപോയതും ഒരുമിച്ചായിരുന്നു. ബൈക്ക് സഡൻ ബ്രേക്കിട്ട് നിർത്തിയതുമൂലം രക്ഷപ്പെട്ടു. ആനക്കൂട്ടം പരിസരത്തെ കൃഷിയിടത്തിലെ പ്ലാവിൽനിന്നും ചക്കയിട്ടു തിന്നശേഷമാണ് റോഡിലേക്ക് കടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾ യാത്രചെയ്ത ഓട്ടോറിക്ഷയും നിരവധി ബൈക്കുകളും കാട്ടാനക്കൂട്ടം തടഞ്ഞിരുന്നു. ഏതുസമയത്തും ഏതുസ്ഥലത്തും കാട്ടാനകൾ എത്തുന്നതിനാൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.