തൊടുപുഴ: ആനക്കൊന്പിൽ തീർത്ത ശില്പങ്ങളുമായി മൂന്നുപേർ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വിജിലൻസ്, ഫ്ളൈയിംഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരടി വീതം വലുപ്പമുള്ള രണ്ടു വിഗ്രഹങ്ങളാണ് പിടിച്ചെടുത്തത്.
ശിൽപ്പങ്ങൾ വാങ്ങാനെത്തിയവരെന്ന് വിശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥർ പ്രതികളെ കുടുക്കിയത്. ഇവരിൽ നിന്നും പുരാവസ്തുക്കളും പിടിച്ചെടുത്തു.
പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊന്പിൽ തീർത്ത ശിൽപ്പങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോണ്‍സ് (56), ഇഞ്ചിയാനി സ്വദേശി, അഞ്ചിരി കേളത്ത് കുര്യാക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വനം വകുപ്പ് വിജിലൻസ് ഫ്ലൈയിങ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ജോണ്‍സന്റെ ഇഞ്ചിയാനിയിലുള്ള വീട്ടിലാണ് വിൽപ്പനയ്ക്കായുള്ള ശിൽപ്പങ്ങൾ സൂക്ഷിച്ചിരുന്നത്.
പുരാവസ്തുക്കളും വിഗ്രഹങ്ങളും ഉൾപ്പെടെയുള്ളവ കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് വനം വകുപ്പധികൃതർ പറഞ്ഞു.
ഇവർക്ക് ആനക്കൊന്പ് ലഭിച്ചതെവിടെ നിന്ന് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ.