കൊച്ചി: കവർച്ച, പോക്കറ്റടി, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പിടികിട്ടാപ്പുള്ളികളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. ചങ്ങനാശേരി കുറിച്ചി സ്വദേശി പുരുഷൻ (58), തമ്മനം ശാന്തിപുരം കോളനിയിൽ താമസിക്കുന്ന ബിജു (35), മറവൻതുരുത്ത് കൊച്ചുപുരയ്ക്കൽ കണ്ണപ്പൻ (ആനകണ്ണൻ) എന്നിവരാണ് അറസ്റ്റിലായത്.
1995ൽ എറണാകുളം നോർത്തിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് പുരുഷനെ അറസ്റ്റു ചെയതത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിടിയിലായ ബിജു 2002ൽ എറണാകുളം നോർത്തിൽവച്ച് വഴിയാത്രക്കാരെ പിടിച്ചുപറിച്ച കേസിലും, കണ്ണപ്പൻ 2003ൽ കവർച്ചാകേസിലും അറസ്റ്റിലായ ശേഷം ഒളിവിൽ പോകുകയായിരുന്നു.
പുരുഷൻ കോട്ടയത്ത് വെള്ളൂർ, തലയോലപ്പറന്പ് എന്നിവിടങ്ങളിലെ പോക്കറ്റടി കേസുകളിലും പ്രതിയാണ്. ബിജു നോർത്ത്, പാലാരിവട്ടം, സെൻട്രൽ സ്റ്റേഷനുകളിൽ കവർച്ചാ-അടിപിടി കേസുകളിലും കണ്ണപ്പൻ കോഴിക്കോട് കസബ, തലയോലപ്പറമ്പ്, വൈക്കം, എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷനുകളിലെ കവർച്ചാ-അടിപിടി കേസുകളിലും പ്രതിയാണ്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നോർത്ത് എസ്ഐ വിപിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എഎസ്ഐമാരായ ബോസ്, മോഹനൻ, സിപിഒമാരായ വിനോദ് കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.