കാട്ടാക്കട : ആനക്കൊമ്പിൽ തീർത്ത വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ മണ്ണടിക്കോണം അത്തംവീട്ടിൽ അജയകുമാറി (50)നെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് നെയ്യാറ്റിൻകരയിൽനിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ശ്രീകൃഷ്ണവിഗ്രഹം വനംവകുപ്പ് പിടികൂടി.
വിഗ്രഹവുമായി എത്തിയ പെരുമ്പഴുതൂർ സ്വദേശി സൈമൺ (60) നേരത്തെ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. മുട്ടത്തറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനക്കൊമ്പ് വിൽപ്പന സംഘവുമായി പിടിയിലായ അജയന് ബന്ധമുള്ളതായി വനപാലകർ അറിയിച്ചു. ഒന്നേമുക്കാൽ കിലോഗ്രാം തൂക്കമുള്ള രണ്ട് വിഗ്രഹങ്ങളാണ് പിടിച്ചെടുത്തതെന്ന് പരുത്തിപ്പള്ളി റേഞ്ച് അധികൃതർ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.