പെരിന്തൽമണ്ണ: അനധികൃതമായി കടത്തിക്കൊണ്ടു വന്ന ആനക്കൊന്പുകളുമായി പെരിന്തൽമണ്ണയിൽ നാല് പേർ പിടിയിൽ. പാലക്കാട് അഗളി ചിറവൂർ വക്കുകടവ് സ്വദേശി സുബ്രഹ്മണ്യൻ (51), കോയന്പത്തൂർ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രൻ (37), രംഗസ്വാമി (57), മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടിൽ അഷ്റഫ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ആനക്കൊന്പുകളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ആനയെ വേട്ടയാടി കൊന്പുകളെടുത്തു വിൽക്കുന്ന സംഘമാണിതെന്ന് സംശയിക്കുന്നു. തൂതയിലുള്ള ഒരാൾക്കു വിൽക്കാനായി കോയന്പത്തൂർ പെരിനായ്കപാളയത്തെ പാലമട കോളനിയിൽ നിന്നു ആനക്കൊന്പുകൾ കൊണ്ടു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഏഴു ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്.