തൃശൂർ: കൊൽക്കത്തയിൽനിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്ത ആനക്കൊന്പുകൾ കേരളത്തിലെ നാട്ടാനകളുടേതാണെന്ന ആരോപണം സർക്കാർ സത്യസന്ധമായി അന്വേഷിക്കണമെന്നു കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ. ഏതെങ്കിലും ആന ഉടമകൾ കൊന്പ് മുറിച്ചുനല്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാട്ടാനകളുടെ കൊന്പുകൾ ചീഫ് വൈൽഡ് വാർഡന്റെ അനുമതിയോടെയാണ് മുറിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് മഹസർ തയാറാക്കി ഇവ കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ ഏതെങ്കിലും കാട്ടുകൊള്ളക്കാരിൽനിന്നു ആനക്കൊന്പ് പിടിക്കുന്പോൾ അതു നാട്ടാനകളുടെ കൊന്പുകളാണെന്ന സംശയം ജനിപ്പിക്കുന്നതു ശരിയല്ലെന്നും ആന ഉടമ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ശശികുമാർ പ്രസ്താവനയിൽ പറഞ്ഞു.
ഇക്കാര്യത്തിൽ ആധുനിക രീതികളിലുള്ള അന്വേഷണം നടത്തി വ്യക്തത വരുത്തണം. ചീഫ് വൈൽഡ് വാർഡൻ നടത്തുന്ന ഏത് അന്വേഷണത്തോടും ആന ഉടമസ്ഥ ഫെഡറേഷൻ പൂർണമായും സഹകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.