മണ്ണാർക്കാട്: മഴതുടർന്നാൽ ആനമൂളിമലയിൽ വിണ്ടുകീറിയ ഭാഗത്ത് ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ്. ഇതേ തുടർന്ന് അടിവാരത്ത് താമസിക്കുന്നവർ മഴയുള്ളപ്പോൾ മാറിതാമസിക്കണമെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു. ആനമൂളിയിൽ മലവിണ്ടുകീറിയ ഭാഗം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പ് നല്കിയത്. ഉരുളൻകുന്ന് ആദിവാസി കോളനിക്ക് മുകൾഭാഗത്താണ് മല വിണ്ടുകീറിയത്. മണ്ണാർക്കാട് എം എൽഎ എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ജിയോളജിസംഘമാണ് സന്ദർശനം നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ സംഘം ഭൂമി വിണ്ടുകീറിയഭാഗം വിശദമായി പരിശോധിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഉദ്യോഗസ്ഥർ, റവന്യു അധികൃതർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭൂമിയുടെ വിള്ളലിൽ പടുകൂറ്റൻ പാറകളാണ് താഴേയ്ക്ക് ഉരുണ്ടിറങ്ങിയത്. മരങ്ങൾമൂലമാണ് ഇവ താഴേയ്ക്കു പതിക്കാതെ നിന്നത്.
പ്രദേശത്ത് മഴവെള്ളം ഒലിച്ചിറങ്ങാത്തതിനാലാണ് ഇത്തരം വിള്ളലിനു കാരണമായതെന്ന് ജില്ലാ ജിയോളജിസ്റ്റ് ഡോ.സൂരജ് പറഞ്ഞു. മുപ്പതു സെന്റീമീറ്ററിലാണ് മലഅടർന്നതെന്നും ഈ പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഷംസുദീൻ വ്യക്തമാക്കി.
നിലവിൽ അപകടഭീഷണികളൊന്നുമില്ലെങ്കിലുംനാട്ടുകാരെ ബോധ്യപ്പെടുത്തി പുനരധിവാസത്തിന് തയാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംഭൂവിനിയോഗബോർഡ് അസിസ്റ്റന്റ് ഡയറക്ടർ രുഗ്മിണി, ജഗദീഷ് ബാബു, അഭിജിത്, ആദർശ്, തഹസീൽദാർ സജി എസ്.കുമാർ, കെ.കെ.രാജൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആഷിക് അലി എന്നിവരുമുണ്ടായിരുന്നു.
്