തൃശൂർ: ലോകചെസിലെ അതികായൻ വിശ്വനാഥൻ ആനന്ദിനെ തൃശൂരിൽനിന്നുള്ള അദ്ഭുത ചെസ് ബാലൻ നിഹാൽ സരിൻ സമനിലയിൽ പിടിച്ചു. കോൽക്കത്തയിൽ നടക്കുന്ന ഇന്ത്യയിലെ പ്രഥമ സൂപ്പർ ചെസ് ടൂർണമെന്റ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലാണ് അണ്ടർ 14 ലോക ചാമ്പ്യനായ നിഹാൽ സരിനോടു വിശ്വനാഥൻ ആനന്ദ് സമനില വഴങ്ങിയത്.
25 മിനിറ്റാണ് റാപ്പിഡ് ചെസിന്റെ സമയക്രമം. മത്സരം എട്ടു റൗണ്ട് സമാപിച്ചപ്പോൾ നിഹാൽ ആറു സമനിലകളാണ് നേടിയത്. ആനന്ദിനു പുറമേ കഴിഞ്ഞവർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പായ റഷ്യൻതാരം സെർജി കർജാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമെ ദെരോവ്, ലോക പത്താംനന്പർ താരം വെസ്ലി സോ, ലോക 25-ാം നമ്പർ താരം ഹരികൃഷ്ണ, ലോക 44-ാം നമ്പർ താരം വിദിത് സന്തോഷ് ഗുജറാത്തി എന്നിവരും നിഹാലിനു മുന്നിൽ സമനില വഴങ്ങി.
അമേരിക്കയുടെ ഹിക്കാരു നക്കാമുറ, ലോക 11-ാം നമ്പർ താരം ലെവോണ്‍ അറോണിയൻ എന്നിവരോടാണ് നിഹാൽ പരാജയപ്പെട്ടത്. ടാറ്റാ സ്റ്റീൽ ഇന്ത്യയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.