ന്യൂഡൽഹി: നാളെ ജോർജിയയിൽ ആരംഭിക്കുന്ന 43-ാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്ക് സ്വർണം നേടാനാകുമെന്ന് മുൻ ലോകചന്പ്യനായ വിശ്വനാഥൻ ആനന്ദ്. പങ്കെടുക്കുന്നതിൽ സ്വർണം നേടാൻ കരുത്തുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ.
ഇത്തവണത്തെ മുൻനിര ടീമുകൾ തുല്യശക്തികളാണ്. അതുകൊണ്ട് ഓരോ പോയിന്റും വിലപ്പെട്ടതാണ്. അതിനായി പോരാടിയാൽ ഇന്ത്യക്ക് സ്വർണം ലഭിക്കും – ആനന്ദ് പറഞ്ഞു. നാളെ മുതൽ ഒക്ടോബർ ആറുവരെയാണ് 43-ാമത് ചെസ് ഒളിന്പ്യാഡ്.
നീണ്ട 12 വർഷത്തെ ഇടവേളയ്ക്കുശേഷം ആനന്ദ് ഒളിന്പ്യാഡിൽ ഇന്ത്യക്കൊപ്പമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുതിർന്ന താരമായ കൊനേരു ഹംപിയുടെ നേതൃത്വത്തിലാണ് വനിതാ ടീം അണിനിരക്കുന്നത്. ആനന്ദും ഹംപിയും ഉണ്ടെന്നത് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും വർധിപ്പിക്കുന്നു. ഹംപിയും ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
വിഡിത് ഗുജറാത്തി, ബി. അധിബൻ, കെ. ശശികരണ്, പി. ഹരികൃഷ്ണൻ എന്നിവരാണ് പുരുഷ ടീമിലെ മറ്റംഗങ്ങൾ. കൊനേരു ഹംപി, ഡി. ഹരിക, താനിയ സച്ദേവ്, പത്മിനി റൗത്ത്, ഇഷ കരവാഡെ എന്നിവരാണ് വനിതാ സംഘത്തിലുള്ളത്. 2012ൽ ഹംപിയില്ലാതെ ഇന്ത്യ വനിതാ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. 2016ൽ അഞ്ചാമതും.
186 രാജ്യങ്ങൾ പങ്കെടുക്കുന്ന ഒളിന്പ്യാഡിൽ അഞ്ചാം സീഡാണ് ഇന്ത്യ. 2014ൽ ടീം വിഭാഗത്തിൽ വെങ്കലം നേടിയതാണ് ഒളിന്പ്യാഡിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.