വെള്ളിക്കുളങ്ങര: ആനപ്പാന്തം കോളനിയിലെ ആദിവാസികളുടെ ജീവിതം മാറ്റി മറിച്ച ഉരുൾ പൊട്ടൽ ദുരന്തം സംഭവിച്ചിട്ട് പതിനഞ്ചു വർഷം പിന്നിടുന്നു.
2005 ജൂലൈ മാസത്തിലെ ഒരർധരാത്രിയിൽ സംഭവിച്ച ആ ദുരന്തത്തെ കുറിച്ച് ഇന്നും നടുക്കത്തോടെയാണ് ആദിവാസികൾ ഓർക്കുന്നത്. കോളനിക്കു സമീപമുള്ള മലമുകളിൽനിന്ന് കുത്തിയെലിച്ചെത്തിയ വെള്ളവും മണ്ണും അന്ന് കവർന്നെടുത്തത്് രണ്ട് ജീവനുകളാണ്.
കാടർ വിഭാഗക്കാരായ 56 കുടുംബങ്ങൾ താമസിച്ചിരുന്ന കോളനിയിലെ കണ്ണമണിയുടെ ഭാര്യ 38 വയസുള്ള ശാരദ, ഒന്നരവയുള്ള മകൾ എന്നിവരാണ് ഉറക്കത്തിനിടെ മണ്ണിനടിയിൽ പുതഞ്ഞുമരിച്ചത്. കോളനിയിലെ അഞ്ചു വീടുകളും തകർന്നു. കോളനിയിൽ സ്ഥാപിച്ചിരുന്ന സൗരോർജ പ്ലാന്റും ഉരുൾപൊട്ടലിൽ നശിച്ചു.
വെള്ളിക്കുളങ്ങരയ്ക്ക് 17 കിലോമീറ്റർ അകലെ വനാന്തർഭാഗത്ത് നടന്ന പ്രകൃതി ദുരന്തം പുറംലോകം അറിഞ്ഞത് പിറ്റേന്ന് പുലർച്ചെയാണ്. സർക്കാർ ഇടപെട്ട് പിറ്റേന്നുതന്നെ കോളനിയിലെ മുഴുവൻ കുടുംബങ്ങളേയും വെള്ളിക്കുളങ്ങര സ്കൂളിൽ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
കോളനിയിൽ ഇനിയും ഉരുൾപൊട്ടൽ ദുരന്തമുണ്ടാകാമെന്ന വിദഗ്ധ സമിതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ആനപ്പാന്തം കോളനിയിലുള്ളവരെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനമുണ്ടായെങ്കിലും ഇതിനുള്ള സ്ഥലം കണ്ടെത്താൻ കാലതാമസം നേരിട്ടു.
കോടശേരി പഞ്ചായത്തിലുൾപ്പെടുന്ന മാരാങ്കോട് പ്രദേശത്തെ വനംവകുപ്പിന്റെ കശുമാവു തോട്ടത്തിൽ ആദിവാസികളെ പുനരധിവാസിപ്പിക്കാൻ പരിഗണിച്ചെങ്കിലും വനത്തിനു പുറത്ത് തങ്ങളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ആദിവാസികളും ഒരു വിഭാഗം സംഘടനകളും രംഗത്തുവന്നു.
ഇതേ തുടർന്ന് പുനരധിവാസ നടപടികൾ അനിശ്ചിതത്വത്തിലായി. അതിനിടെ ചേറങ്കയം വനത്തിനുള്ളിൽ താൽക്കാലിക കുടിലുകൾ കെട്ടി ആദിവാസി കുടുംബങ്ങൾ താമസമാക്കി.
2010 ലാണ് ഈ കുടുംബങ്ങളെ വെള്ളിക്കുളങ്ങരയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള ശാസ്താംപൂവ്വം വനപ്രദേശത്ത് കൃഷിഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കാൻ നടപടിയുണ്ടായത്.
വനംവകുപ്പിന്റെ രാമവർമ തേക്കു പ്ലാന്റേഷനിൽനിന്ന് തേക്കു മരങ്ങൾ മുറിച്ചു മാറ്റിയ സ്ഥലത്തെ 15.98 ഹെക്ടർ ഭൂമിയാണ് ആനപ്പാന്തം കോളനിയിലെ ആദിവാസി കുടുംബങ്ങളെ പുനരധിവാസിപ്പിക്കാനായി അനുവദിച്ചു നൽകിയത്.
വനാവകാശ നിയമ മനുസരിച്ച് കോളനിയിലെ ഓരോ കുടുംബത്തിനും വീടുവെക്കാനുള്ള ഭൂമിക്കു പുറമെ കൃഷിചെയ്യാനായി അരയേക്കർ വീതം നൽകി. ഇതോടൊപ്പം കോളയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും നടപടിയുണ്ടായി.
വേനൽ രൂക്ഷമാകുന്പോൾ കോളനിയിലെ കിണറുകൾ വറ്റുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ടാങ്കറുകളിൽ എത്തുന്ന വെള്ളമാണ് ഇവിടത്തെ കുടുംബങ്ങൾ ഉപയോഗിക്കുന്നത്.
ഈ പോരായ്മ മാറ്റി നിർത്തിയാൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള കേരളത്തിലെ അപൂർവ്വം ആദിവാസി കോളനികളിലൊന്നാണ് ഇപ്പോൾ ശാസ്താംപൂവ്വം വനത്തിലുള്ള ആനപ്പാന്തം ആദിവാസി കോളനി.