തൃശൂർ: തൊഴിൽ എടുത്ത് ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണ് പാതയോര മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധിയെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. റോഡപകടങ്ങളെല്ലാം മദ്യ ഉപയോഗം മൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് ചിലർ. ഇത്തരത്തിൽ അപകടം ഉണ്ടാകുന്നുവെങ്കിൽ മദ്യം കഴിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയാണ് വേണ്ടത്.
വീര്യം കുറഞ്ഞ പ്രകൃതിദത്ത കള്ളും വീര്യം കൂടിയ വിദേശമദ്യവും ഒന്നാണെന്ന് എന്തു ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. അരലക്ഷത്തോളം പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. ഷാപ്പുകൾ എല്ലാം അടപ്പിക്കാൻ വിധിച്ച കോടതി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കോടതിക്കു ബാധ്യതയുണ്ട്.
വ്യവസായ നടത്തിപ്പുകാരുടെ പ്രശ്നങ്ങളോ, പൊതുഖജനാവിന്റെ നഷ്ടമോ കോടതിയുടെ പരിഗണനാ വിഷയമല്ല. ഖജനാവിന് പ്രതിവർഷം അയ്യായിരം കോടി നികുതി നഷ്ടവും ടൂറിസം മേഖലയിൽ 25000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ടാകും. തൊഴിലാളികളെ സംരക്ഷിക്കാൻ ജനവാസം കുറഞ്ഞ മേഖലയിലേക്ക് മദ്യശാലകൾ എത്രയും വേഗം മാറ്റിസ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലും കൂലിയും വ്യവസായവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെത്ത് മദ്യ വ്യവസായ തൊഴിലാളികൾ അഞ്ചിന് രാവിലെ പത്തിന് ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.