കൽപ്പറ്റ: പ്രധാന ആനത്താരകളോടു ചേർന്നുള്ള റിസോർട്ടുകളുടെ അതിരുകളിലെ വൈദ്യുത, മുള്ളുവേലികൾ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്നു വിലയിരുത്തൽ. സഞ്ചാരപഥങ്ങളിലും സമീപങ്ങളിലും കാട്ടാനകൾ ഷോക്കേറ്റു ചരിയുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും ഒരളവോളം ഒഴിവാക്കാൻ സുപ്രീം കോടതി വിധി സഹായകമാകുമെന്നു വന്യജീവി സംരക്ഷണ രംഗത്തുള്ളവർ പറയുന്നു.
നിലവിൽ സ്വകാര്യ കൈവശത്തിലുള്ളതും കൃഷി-വ്യവസായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതുമായ ആനത്താരകൾ സർക്കാർ വിലയ്ക്കുവാങ്ങി വനവത്കരണം നടത്തുന്നതു ആനകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ ഉതകുമെന്നു അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
ആനത്താരകൾക്കടുത്തുള്ള റിസോർട്ട് ഉടമകൾ സ്ഥാപിച്ച വൈദ്യുത, മുള്ളുവേലികൾ നീക്കം ചെയ്യുന്നതിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ബാധകമായ വിധിയാണ് സുപ്രീം കോടതിയുടേത്. വന്യജീവി സംരക്ഷണ രംഗത്തെ ചില സംഘടനകൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് മദൻ ബി. ലോക്കൂർ, അബ്ദുൽന്നാസർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് കൂടുതൽ ആനത്താരകളുള്ളതാണ് കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ. കാട്ടാനകളുടെ സഞ്ചാരപഥങ്ങൾക്കു പ്രസിദ്ധമാണ് തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതവും കർണാടകയിലെ ബന്ദിപ്പുര, നാഗരഹോള ദേശീയോദ്യാനങ്ങളും സത്യമംഗലം ബിആർടി വനവും കേരളത്തിലെ വയനാട് വന്യജീവി സങ്കേതവും ഉൾപ്പെടുന്ന നീലഗിരി ജൈവമണ്ഡലം.
നീലഗിരി ജൈവമണ്ഡലത്തിൽ ആനത്താരകൾ കൈയേറി നിർമിച്ച റിസോർട്ടുകൾ നിരവധിയാണ്. വയനാടിനോടു ചേർന്നുള്ള നീലഗിരി ജില്ലയിൽ മാത്രം ആനത്താരകളിൽ അനധികൃതമായി നിർമിച്ച 27 റിസോർട്ടുകൾ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നു സമീപകാലത്തു അടച്ചുപൂട്ടിയിരുന്നു.
വയനാട്ടിലും ഇതിനകം തിരിച്ചറിഞ്ഞ ആനത്താരകളിലും അടുത്തും റിസോർട്ട് ഉൾപ്പെടെ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. ശശിമല-പാതിരി-ചെറിയമല-ബ്രഹ്മഗിരി, പേരിയ-കൊട്ടിയൂർ, തിരുനെല്ലി-കുതിരക്കോട് എന്നിവ ജില്ലയിലെ പ്രധാന ആനത്താരകളാണ്.
ഇതിൽ തിരുനെല്ലി-കുതിരക്കോട് സഞ്ചാരപഥത്തിൽ തിരുളുകുന്ന്, വലിയഹെജമാടി, പുലയൻകൊല്ലി, കോട്ടപ്പടി എന്നിവിടങ്ങളിലായി സ്വകാര്യ കൈവശത്തിലായിരുന്നതിൽ ഏകദേശം 50 ഏക്കർ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംസ്ഥാന വനം-വന്യജീവി വകുപ്പിനു കൈമാറിയിട്ടുണ്ട്. കർണാടകയിലെ മലേ മഹാദേശ്വര വന്യജീവി സങ്കേതത്തെ ബിലിഗിരി രംഗനാഥസ്വാമി കടുവാസങ്കേതവുമായി(ബിആർടി) ബന്ധിപ്പിക്കുന്ന എടേരഹള്ളി ആനത്താരയിൽ 15.27 ഏക്കർ സ്വകാര്യ കൈശവഭൂമിയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വിലയ്ക്കുവാങ്ങി കൈമാറുകയുണ്ടായി.
തമിഴ്നാട്ടിലെ സത്യമംഗലം കടുവാസങ്കേതത്തിലെ തലവാടി റേഞ്ചിനെ ബിലിഗിരി രംഗനാഥസ്വാമി കടുവാസങ്കേതത്തിലെ പുൻജൂർ റേഞ്ചുമായി ബന്ധപ്പിക്കുന്ന ചാമരാജ്നഗർ-തലൈമലൈ ആനത്താരയിലെ സ്വകാര്യ കൈവശഭൂമി വിലയ്ക്കുവാങ്ങാൻ കർണാടക വനം-വന്യജീവി വകുപ്പും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും നീക്കം നടത്തിവരികയാണ്.
കേരളത്തിൽ ആനത്താരകളിലും സമീപങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ റിസോർട്ടുകളിലും സുപ്രീം കോടതിവിധി പ്രാവർത്തികമാക്കാൻ വനം-വന്യജീവി വകുപ്പ് ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ടെന്നു വൈൽഡ് ലൈഫ് കണ്സർവേഷൻ സൊസൈറ്റി വയനാട് ലാൻഡ്സ്കേപ്പ് കോ ഓർഡിനേറ്റർ അരുൾ ബാദുഷ അഭിപ്രായപ്പെട്ടു. ജില്ലയിലെ മൂന്നു വനം ഡിവിഷനുകളിലുമുള്ള മുഴുവൻ ആനത്താരകളും കണ്ടെത്തണം.
അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണം. കൈയേറ്റം നടന്ന ആനത്താരകളിൽ ചെറുകിട കർഷകരുടെയും ആദിവാസികളുടെയും കൈവശമുള്ളത് ഉൾപ്പെടെ ഭൂമി പൊന്നുംവിലയ്ക്കു ഏറ്റെടുത്ത് വനവത്കരണം നടത്തുന്നത് മനുഷ്യ-മൃഗ സംഘർഷത്തിന്റെ ലഘൂകരണത്തിനു സഹായകമാകുമെന്നും അരുൾ പറഞ്ഞു.