കേരളം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒരു ആനയെക്കുറിച്ചാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ആ കഥാനായകൻ. 55 വയസിനിടെ 13 പേരുടെ ജീവനെടുത്ത ആനയെ തൃശൂർ പൂരത്തിന് പങ്കെടുപ്പിക്കുവാൻ സാധിക്കില്ലെന്ന് അധികൃതർ പറയുമ്പോൾ ആനയെ ഉത്സവത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുകയാണ് ഒരു കൂട്ടർ. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അധികൃതർ അനുമതി നൽകാൻ മടിച്ചത്.
ചർച്ചകളും ബഹളങ്ങളും തകൃതിയായി നടക്കുമ്പോൾ ആനയ്ക്ക് പകരം ആനവണ്ടി അലങ്കരിച്ചൊരുക്കിയ സംഭവമാണ് ഏറെ ചർച്ചകൾക്കു വഴിവയ്ക്കുന്നത്. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചാണ് ആനയെ അണിയിച്ചൊരുക്കുന്നതിനു സമമായി കെഎസ്ആർടിസി ബസ് അലങ്കരിച്ചെത്തിച്ചത്.
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ മൊബൈൽ വർക്ക് ഷോപ്പാണ് ബസ് ആർഭാടമായി അലങ്കരിച്ചൊരുക്കിയത്. ബസിൽ നെട്ടിപ്പട്ടം കെട്ടി പൂക്കളും അലങ്കാരവസ്തുക്കളും ബലൂണുകളും ഉപയോഗിച്ച് ബസിനെ ഒരു ആനയെ പോലെ തന്നെ അണിയിച്ചൊരുക്കുകയായിരുന്നു.
ആൾക്കൂട്ടത്തിനു നടുവിലേക്ക് പ്രൗഡിയോടെ ആനവണ്ടിയെത്തിയപ്പോൾ ആർപ്പുവിളികളോടെയാണ് ഓരോരുത്തരും വരവേറ്റത്. കൊട്ടാരക്കര കെഎസ്ആർടിസി വർഷങ്ങളായി ഈ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഈ വർഷം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ആനയ്ക്കു സമമായി മാറിയ ഈ ആനവണ്ടിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.