സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെയും സമിതി സെക്രട്ടറി ഷിജു ഖാനെയും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്.
കുഞ്ഞിനെ ദത്ത് നൽകിയതിൽ ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ ആനാവൂർ നാഗപ്പൻ, കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിൽ നിന്നാണെന്നും വെളിപ്പെടുത്തി.
കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനു കഴിയില്ല. ഈ പരിമിതി വെച്ചുകൊണ്ടാണ് ഷിജു ഖാനെ വേട്ടയാടുന്നത്.
കുഞ്ഞിന്റെ വിവരങ്ങൾ പത്രങ്ങളിലടക്കം നൽകിയിരുന്നു. നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കാര്യങ്ങൾ ചെയ്തത്. ഏഴ് മാസങ്ങൾ കൊണ്ടാണ് ദത്ത് നടപടികൾ പൂർത്തിയാക്കിയത്.
അതുവരെ ശിശുക്ഷേമ സമിതിക്കു മുന്പാകെ ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും നാഗപ്പൻ പറഞ്ഞു.കുഞ്ഞിനെ ദത്ത് നൽകിയ കാര്യത്തിൽ എതിർപ്പുമായി അനുപമയോ ഭർത്താവോ ശിശുക്ഷേമ സമിതിയെ സമീപിച്ചിട്ടില്ല.
പിതാവിനെ ആരും പൂട്ടിയിട്ടിരുന്നില്ലല്ലോ. ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് മാധ്യമങ്ങൾ.
ശിശുക്ഷേമ സമിതിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലെന്നു ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മാധ്യമങ്ങൾ തയാറാകുമോയെന്നും ആനാവൂർ നാഗപ്പൻ ചോദിച്ചു.