തൃശൂർ: കർക്കടകപുലരിയിൽ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഗജശ്രേഷ്ഠർക്ക് വിഭവസമൃദ്ധമായ മഹാസദ്യ. രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് ഇന്നു രാവിലെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ 75ഓളം ആനകൾ പങ്കെടുത്തു. ഗജനിരയിലെ ഏറ്റവും ചെറിയ ആനയായ വാരിയത്ത് ജയരാജിന് ആദ്യ ഉരുള നൽകി ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നന്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു.
വൻതിരക്കാണ് ആനയൂട്ടിന് അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75ഓളം ആനകൾ ആനയൂട്ടിൽ പങ്കെടുക്കാനെത്തി. കുളിച്ചുകുറിതൊട്ട് ആനച്ചമയങ്ങളില്ലാതെ കരിവീരച്ചന്തം അതിന്റെ എല്ലാ പ്രൗഢിയോടും ഭംഗിയോടും നിറഞ്ഞ കർക്കിടകപുലരിയിൽ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനടക്കു സമീപം അണിനിരന്ന ആനകളെ കാണാനും അവയെ ഉൗട്ടാനും നേരത്തെ തന്നെ ആനപ്രേമികളും ഭക്തരും എത്തിയിരുന്നു.
രാവിലെ ഒന്പതരയ്ക്ക് ആനയൂട്ട് ആരംഭിക്കുന്പോഴേക്കും വടക്കുന്നാഥ ക്ഷേത്രാങ്കണം ആൾക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആനയൂട്ടിന് എത്തിയിരുന്നു. തെക്കേഗോപുര നടയ്ക്കു സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് അതിനകത്താണ് ആനകളെ നിർത്തിയത്.
500 കിലോ അരിയുടെ ചോറ് ഉരുളകളാക്കിയാണ് ആനകൾക്ക് നൽകിയത്. ഇതിൽ ശർക്കര, മഞ്ഞൾപ്പൊടി, നെയ്യ് എന്നിവയും ചേർത്തു. കൂടാതെ ആനകൾക്ക് പഴം, പൈനാപ്പിൾ, കക്കിരിക്ക, കരിന്പ്, ചോളം, തണ്ണീർമത്തൻ എന്നിവയും കൊടുത്തു.