തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 ആനകൾക്ക് ആനയൂട്ട് നടത്താം. ഇതിന് ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് അനുമതി ഇന്ന് ലഭിക്കും.
ശനിയാഴ്ചയാണ് ആനയൂട്ട്. പതിവിന് വിപരീതമായി തൃശൂർ ജില്ലയിലെ ആനകളെ മാത്രമാണ് ഇത്തവണ ആനയൂട്ടിന് ഉൾപ്പെടുത്തുക. 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉണ്ടായിരിക്കും.
ക്ഷേത്രത്തിനകത്ത് പ്രത്യേകം തയാറാക്കിയ ഹോമകുണ്ഡത്തിൽ ആണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇത്തവണ നടത്തുന്നത്. ഗജപൂജയും ഉണ്ടായിരിക്കും.
ആനയൂട്ട് കാണുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ ക്ഷേത്രദർശനത്തിന് വിലക്കില്ല. ശനിയാഴ്ച ആയതിനാൽ സന്പൂർണ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.