തൃശൂരിലെ മിക്ക വീടുകളിലും കുട്ടികൾ അച്ഛനമ്മമാരോട് പറയാൻ 99 ശതമാനം സാധ്യതയുള്ള ഡയലോഗാണ്. ഞായറാഴ്ചയായതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകണ്ട. രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഗോപുരത്തിനകത്ത് കയറിയാൽ കണ്നിറയെ കരിവീരച്ചന്തം കാണാം….ആനവയർ നിറയും വരെ ആനയെ ഉൗട്ടുന്നത് കാണാം…
കാണാൻ പോണ പൂരോം കാണാൻ പോണ ഉൗട്ടും പറഞ്ഞ് പൊലിപ്പിക്കേണ്ടതല്ല. കഴിഞ്ഞ വർഷത്തേക്കാൾ കലക്കും ഇത്തവണത്തെ ആനയൂട്ടെന്ന് തൃശൂരിലെ ആനപ്രേമികളാണ് ഗ്യാരണ്ടി പറയുന്നത്.മണ്ണിലെ കരിവീരച്ചന്തം കണികണ്ടുണരാൻ ഒന്നാം തിയതി കഴിയാതെ പോയതിന്റെ വിഷമം കർക്കടകത്തിനുമുണ്ട്.
ചന്ദ്രഗ്രഹണം ആനയൂട്ടിനെയും മറച്ചു. സാരമില്ല അവധിദിനമായതിനാൽ നാളെ ശ്രീമൂലസ്ഥാനവും ഇലഞ്ഞിത്തറ ചുവടും തെക്കേഗോപുരനടയ്ക്ക് സമീപവുമെല്ലാം പൂരത്തിരക്കായിരിക്കും. ആനയൂട്ട് കാണാൻ മറ്റു ജില്ലകളിൽ നിന്ന് വരെ ഇത്തവണ ആളുകളെത്തും.
വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് പടിഞ്ഞാറേ ഗോപുരം വഴിയും കിഴക്കേ ഗോപുരം വഴിയും കടന്നെത്താം. പടിഞ്ഞാറേ ഗോപുരം വഴിയാണ് ആനകളെ ക്ഷേത്രമതിൽകെട്ടിനകത്തേക്ക് പ്രവേശിപ്പിക്കുക. ആനകളെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിക്കുന്നതും പടിഞ്ഞാറേ ഗോപുരത്തിനരികെയാണ്.
അതുകൊണ്ടു തന്നെ പാറമേക്കാവിന് മുന്നിലൂടെ എക്സിബിഷൻ ഗ്രൗണ്ട് വഴി കിഴക്കേഗോപുരം കടന്ന് ക്ഷേത്രമതിൽകെട്ടിനകത്ത് കയറുകയാകും എളുപ്പം. ഇത്തവണ പടിഞ്ഞാറേ ഗോപുരത്തിന് സമീപം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി റാന്പ് സംവിധാനം ഒരുക്കുന്നുണ്ട്. ആനകളെ ഡോക്ടർമാർ പരിശോധിക്കുന്നത് കാണണമെങ്കിൽ പടിഞ്ഞാറെ നടയിലെത്തണം.
ശ്രദ്ധിക്കുക…
ക്ഷേത്രമതിൽകെട്ടിനകത്തേക്ക് ചെരിപ്പ് ധരിച്ച് കയറ്റില്ലാട്ടോ…തെക്കേ ഗോപുരം സാക്ഷി…
കരിവീരച്ചന്തത്തിന്….
പൂരത്തിന് പൂഴിവാരിവിതറിയാൽ താഴെ വീഴാത്ത പുരുഷാരം തെക്കേഗോപുരത്തിനു താഴെ നിൽക്കും പോലെ നാളെ പുരുഷാരം തുറക്കാത്ത തെക്കേഗോപുരത്തിനു സമീപം നിറയും. ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞ് ഫിറ്റാണെന്ന് ഉറപ്പുവരുത്തിയാൽ ആനകൾ പടിഞ്ഞാറേ ഗോപുരം വഴി ക്ഷേത്രത്തിനകത്ത് കടക്കും. പ്രസാദം, ആനമാല എന്നിവ അണിയിച്ചശേഷം ആനകൾ വടക്കുന്നാഥനൈ വലം വെച്ച് തെക്കേഗോപുരത്തിനു സമീപം ആനയൂട്ടിനായി അണിനിരക്കും.
നാളെ തൃശൂർ നഗരമുണരുന്നത് അഷ്്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ ഹോമകുണ്ഡത്തിൽ നിന്നുള്ള കൊതിപ്പിക്കുന്ന മണം നുകർന്നായിരിക്കും. നാളെ പുലർച്ചെ അഞ്ചിന് വടക്കുന്നാഥനിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള വലിയ പ്രത്യേക ഹോമകുണ്ഡത്തിൽ മഹാഗണപതി ഹോമം ആരംഭിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അറുപതോളം തിരുമേനിമാർ പരികർമികളാകും.
അഷ്ടദ്രവ്യങ്ങളായ 10008 നാളികേരം, 2500 കിലോ അവിൽ, 2500 ശർക്കര, 300 കിലോ മലർ, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിന്പ്, ഗണപതി നാരങ്ങ എന്നിവകൊണ്ടാണ് അഷ്്ടദ്രവ്യ മഹാഗണപതി ഹോമം തയ്യാറാക്കുക.
ഒന്പതിന് ആനയൂട്ട് തുടങ്ങുന്പോഴേക്കും വടക്കുന്നാഥ ക്ഷേത്രാങ്കണം ഭക്തരെക്കൊണ്ടും ആനക്കന്പക്കാരെകൊണ്ടും നിറഞ്ഞിരിക്കും. കർക്കട മഴ തിമർത്താലും യെല്ലോ അലെർട്ടായാലും ആനയൂട്ട് കാണാൻ ആളുകളെത്തും. കർക്കടക മാസത്തിൽ പല ക്ഷേത്രങ്ങളിലും ആനയൂട്ടുണ്ടെങ്കിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിൽ പങ്കെടുക്കുന്നത് അഭിമാനവും ഭാഗ്യവുമായാണ് ആന ഉടമകൾ കണക്കാക്കുന്നത്.
വീട്ടിലായാലും ആനയൂട്ടിലായാലും കുട്ടികൾക്കാണ് ആദ്യം ഭക്ഷണം കൊടുക്കേണ്ടത്. മഴയേറ്റ് കരിവീരച്ചന്തം പടർത്തി നിൽക്കുന്ന ആനക്കൂട്ടത്തിലെ ഏറ്റവും ചെറിയ ആനയ്ക്ക് ആദ്യ ഉരുള നൽകിയാണ് ആനയൂട്ടിന് തുടക്കമിടുക. ക്ഷേത്രം മേൽശാന്തി അണിമംഗലം രാമൻ നന്പൂതിരിയാണ് കുട്ടിയാനയ്ക്ക് ആദ്യ ഉരുള നൽകുക. തുടർന്ന് പ്രമുഖ വ്യക്തികൾക്കും ആനയൂട്ട് കാണാനെത്തിയവർക്കും ആനകളെയൂട്ടാം. ആനകളേയും ആളുകളേയും സുരക്ഷിത അകലത്തിൽ വേർതിരിക്കാൻ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്.
വിഭവസമൃദ്ധമാണ് ഗജഭോജനം
എത്ര കഴിച്ചാലും നിറയാത്ത ആനവയറുകൾ നിറയ്ക്കുകയെന്നത് എളുപ്പമല്ലെങ്കിലും വിഭവസമൃദ്ധമാണ് വടക്കുന്നാഥനിലെ ആനയൂട്ട്. ശ്രീ വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ആനയൂട്ടിൽ വയർ നിറയാതെ ഒരാനയെ പോലും മടക്കി അയക്കാറില്ല. 500 കിലോ അരിയുടെ ചോറ് മഞ്ഞൾപൊടി, ശർക്കര, എണ്ണ എന്നിവ ചേർത്ത് വലിയ ഉരുളകളാക്കിയാണ് ആനകൾക്ക് കഴിക്കാനായി കൊടുക്കുക. കൂടാതെ പൈനാപ്പിൾ, പഴം, വെള്ളരിക്ക, കരിന്പ് തുടങ്ങിയ ഒന്പതോളം ഫലങ്ങളും ആനകൾക്ക് കഴിക്കാൻ നൽകും.
ഗജഭോജനം ദഹിക്കാൻ ഔഷധക്കൂട്ടും
വയർ നിറയെ ചോറും ഫലങ്ങളും തിന്ന് ആനകൾക്ക് അവ ദഹിക്കാത്ത പ്രശ്നമുണ്ടാകാതിരിക്കാൻ ആനയൂട്ടിന് ശേഷം ഒരു ഒൗഷധക്കൂട്ടുകൂടി നൽകും. ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം ദഹനത്തിനായി എസ്്.എൻ.എ ഒൗഷധശാല തയ്യാറാക്കിയ ഒൗഷധക്കൂട്ടാണ് ആനയൂട്ടു കഴിഞ്ഞ്് ആനകൾക്ക് നൽകുക.
കോടിത്തിളക്കത്തിൽ ആനയൂട്ട്കോടിക്ലബിൽ ആനയൂട്ടും ഇൻഷ്വർ ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി രൂപയ്ക്കാണ് ആനയൂട്ട് ഇൻഷ്വർ ചെയ്തിരിക്കുന്നത്.
ഗജഭോജനശേഷം അന്നദാനമേേുണ്ട…
ആനയൂട്ട് കഴിഞ്ഞാൽ അന്നദാന മണ്ഡപത്തിൽ അയ്യായിരം പേർക്കാണ് ഇത്തവണ അന്നദാനമൊരുക്കുന്നത്.
തേക്കിൻകാട്ടിൽ ആനപ്പൂരമാകും
ലോറിയിലും അല്ലാതെയും പൂരപ്പറന്പിൽ ആനകൾ നാളെ വന്നു നിറയും. തേക്കിൻകാട് മൈതാനത്ത് ശരിക്കും ആനപ്പൂരമാകും നാളെ. കർക്കടകപുലരിയിൽ നടക്കാതെ പോയ ആനയൂട്ട് അഞ്ചാം നാളിൽ കണ്ണഞ്ചിപ്പിക്കും വിധം ആഘോഷമാക്കാനൊരുങ്ങിക്കഴിഞ്ഞു ആനപ്രേമികൾ.