സ്വന്തം ലേഖകൻ
തൃശൂർ: ആൾക്കൂട്ടങ്ങളും ആനക്കൂട്ടങ്ങളുമുണ്ടായില്ല, ആരവങ്ങളും ആഘോഷത്തിമർപ്പുമുണ്ടായില്ല, തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കിടകപുലരിയിലെ പതിവ് ആനയൂട്ട് ഇത്തവണ ഒരാനയ്ക്ക് നൽകി ചടങ്ങു മാത്രമായി നടത്തി.
ചമയങ്ങളണിയാത്ത ആനച്ചന്തം നിറയുന്ന ഗജഭോജനം ചടങ്ങ് മാത്രമായി ഒരാനയ്ക്ക് നടത്തിയെങ്കിലും അത് കാണാൻ കാഴ്ചക്കാരെ പ്രവേശിപ്പിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു വടക്കുന്നാഥക്ഷേത്ര മതിൽകെട്ടിനകത്ത് ആനയൂട്ട് നടത്തിയത്.
കൊച്ചിൻദേവസ്വം ബോർഡിന്റെ ശിവകുമാറായിരുന്നു ആനയൂട്ടിൽ പങ്കെടുത്ത ആന. തുടർച്ചയായി 37 വർഷങ്ങൾ നടത്തിയ ആനയൂട്ട് ഒരാനയെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്നത് ഇത് ചരിത്രത്തിലാദ്യം.
നൂറോളം ആനകൾ എല്ലാ വർഷവും വടക്കുന്നാഥനിലെ ആനയൂട്ടിന് എത്താറുണ്ട്. തൃശൂർ പൂരം ഇക്കുറി ഉപേക്ഷിച്ച പോലെ ആനയൂട്ടും ഉപേക്ഷിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ആനയൂട്ട് ചടങ്ങ് മാത്രമായി കാഴ്ചക്കാരെ അകത്തേക്ക് കടത്തിവിടാതെ നടത്താൻ നിശ്ചയിക്കുകയായിരുന്നു.
അഷ്ട്രദ്രവ്യ മഹാഗണപതിഹോമവും നടത്തി.ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു. ഗവ.ചീഫ് വിപ് കെ.രാജൻ, കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് മോഹനൻ, സെക്രട്ടറി വി.എ.ഗിരിജ, സ്പെഷ്യൽ കമ്മീഷണർ ജ്യോതി, അസി.കമ്മീഷണർ സ്വപ്ന, ഡിഐജി സുരേന്ദ്രൻ, എസിപി വി.കെ.രാജു, ഈസ്റ്റ് സിഐ ലാൽകുമാർ, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ, മാനേജർ സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു.
ദേവസ്വം ഭാരവാഹികളടക്കം പതിനഞ്ചുപേരെയാണ് ആനയൂട്ട് സമയത്ത് ക്ഷേത്രമതിൽക്കെട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഒന്പതരയോടെ ദർശനത്തിനുള്ളവരുടെ പ്രവേശനം നിർത്തിവെച്ചിരുന്നു.
പതിവിന് വിപരീതമായി പടിഞ്ഞാറെ നടയ്ക്കരികിൽ ശങ്കരാചാര്യരുടെ പ്രതിഷ്ഠയ്ക്ക് സമീപമായിരുന്നു ഇക്കുറി ആനയൂട്ട് നടത്തിയത്. സാധാരണ തെക്കേഗോപുരനടയ്ക്ക് സമീപമാണ് നടത്താറുള്ളത്.
ആനയൂട്ടിന് മുന്നോടിയായി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തി. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരി കാർമികത്വം വഹിച്ചു.
കൊക്കർണി പറന്പിൽ തളച്ചിട്ടുള്ള ദേവസ്വം ബോർഡിന്റെ അച്യുതൻകുട്ടി, ചന്ദ്രശേഖരൻ, ദേവീദാസൻ എന്നീ ആനകൾക്ക് പറന്പിൽ വെച്ച് ആനയൂട്ട് നടത്തി.