സ്വന്തം ലേഖകൻ
തൃശൂർ: ദേശീയ സ്കൂൾ മീറ്റിൽ വേഗമേറിയ താരമായി കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടുന്പോൾ തൃശൂർ ജില്ലയും നാട്ടിക ഫിഷറീസ് സ്കൂളും അഭിമാനത്തിന്റെ സ്വർണമണിയുകയാണ്. പെണ്‍കുട്ടികളുടെ 100 മീറ്ററിൽ 12.08 സെക്കൻറിൽ ഓടിയെത്തിയാണ് സ്വർണം നേടിയത്. നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ആൻസി സോജൻ.
കണ്ണൂരിൽ നടന്ന സംസ്ഥാന സ്്കൂൾ കായികമേളയിൽ സീനിയർ പെണ്‍കുട്ടികളുടെ നൂറു മീറ്ററിൽ 12.05 സെക്കന്റിൽ ഫിനിഷ് ചെയ്ത് ആൻസി സോജൻ വേഗമേറിയ താരമായിരുന്നു. ലോംഗ് ജംപിലും ആൻസി സോജൻ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തന്റെ അവസാനത്തെ സ്കൂൾ മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു ആൻസി സോജൻ അന്ന് ട്രാക്കിൽ നിന്നും കയറിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെയാണ് ആൻസി സോജൻ പുതിയ വേഗം കുറിച്ചത്.
2015ൽ ഉഷ സ്കൂളിലെ ജിസ്ന മാത്യു സ്ഥാപിച്ച 12.08 എന്ന റെക്കോർഡാണ് 12.05 സെക്കന്റിൽ ഫിനിഷ് ചെയ്ത് ആൻസി സോജൻ തകർത്തത്. ലോംഗ് ജംപിൽ 6.24 മീറ്റർ ദൂരം ചാടിയാണ് ആൻസി ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച് സ്വർണം നേടിയത്. 2012ൽ ജെനിമോൾ ജോയ് കുറിച്ച് 5.91 മീറ്റർ റെക്കോർഡാണ് ആൻസി കണ്ണൂരിൽ പഴങ്കഥയാക്കിയത്. 200 മീറ്ററിലും ആൻസി മീറ്റ് റെക്കോർഡോടെ സ്വർണം നേടി.
കടപ്പുറത്ത് ഓട്ടം പരിശീലിച്ച ആൻസി കടലിലെ മീനിനെ പോലെയാണ് ട്രാക്കിൽ. അതിവേഗം പുളഞ്ഞുപോകുന്ന താരം. ദൈവത്തിന്റെ അദൃശ്യ പിന്തുണയ്ക്കും മാതാപിതാക്കൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കും നന്ദി പറയുന്ന ആൻസി താരങ്ങൾക്ക് പരിശീലിക്കാൻ തൃശൂരിൽ സിന്തറ്റിക് ട്രാക്ക് വേണമെന്ന് ആവശ്യപ്പെടുന്നു.
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ സംഭവിച്ച പരിക്ക് ഭേദമാകാതെയായിരുന്നു ആൻസി സോജൻ കണ്ണൂരിൽ സംസ്ഥാന സ്കൂൾ മീറ്റിനെത്തിയത്. ട്രാക്കിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആൻസി കുതിച്ചുപായുന്ന കാഴ്ച അത്ഭുതകരമായിരുന്നു. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ആൻസി സോജൻ അണ്ടർ 18 പെണ്‍കുട്ടികളുടെ 200 മീറ്ററിലും ലോങ് ജംപിലും റിലേയും സ്വർണം നേടി ട്രിപ്പിൾ സ്വർണനേട്ടം കുറിച്ചിരുന്നു.