ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപാണ് സെന്റിനൽ. ഈ ദ്വീപിലേക്ക് പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. ഇനി അഥവാ ആരെങ്കിലും ആ ദ്വീപിലേക്ക് അതിക്രമിച്ചു കയറിയാൽ അന്പേറ്റ് മരിക്കാനാവും അവരുടെ വിധി.
സെന്റിനൽ ദ്വീപിൽ ഒരു ആദിവാസി ഗോത്രവിഭാഗമുണ്ട്. അവരുടെ പേരാണ് സെന്റിനൽസ്. ആ ദ്വീപിൽ ജനിച്ച്, പുറം ലോകം കാണാതെ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ, അവിടെത്തന്നെ മരിച്ചു മണ്ണോടു മണ്ണായി മാറുന്നവർ. കാടും കടലുമാണ് അവർക്കു പ്രിയപ്പെട്ടത്.
ഇതിനപ്പുറം മറ്റൊരു ലോകം അവർക്കില്ല. പുറത്തുനിന്നൊരാൾ അവരുടെ ഏരിയയിലേക്കു കടന്നാൽ അവർ അന്പെയ്തു പ്രതിരോധിക്കും. അന്പെയ്ത്തിൽ അഗ്രഗണ്യരാണ് അവർ.
ജീവനെടുക്കുന്ന അന്പ്
ഇങ്ങനയൊക്കെ ആണെങ്കിലും ഈ ദ്വീപിലേക്കു കടന്നുകയറാൻ പലരും ശ്രമിച്ചിട്ടുണ്ട്. ജീവൻ പണയം വച്ചു നടത്തിയ ശ്രമങ്ങൾ പലരുടെയും ജീവനെടുത്തിട്ടുമുണ്ട്. 2018 നവംബറിൽ ജോൺ അലൻ എന്ന യുഎസ് പൗരൻ ഇവരുടെ അന്പെയ്ത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ ദ്വീപിലേക്കു കയറരുതെന്നു സർക്കാരും മറ്റു പൗരന്മാരെ കർശനമായി വിലക്കിയിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഈ ദ്വീപ് സമൂഹത്തെ കോളനിവത്കരിക്കാൻ ശ്രമിച്ചിരുന്നു. അന്നവിടെ എണ്ണായിരത്തോളം ആളുകൾ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകൾ. പക്ഷേ, ഇപ്പോഴവിടെ 150 ആളുകളേയുള്ളൂവെന്നാണ് കരുതുന്നത്.
എന്നാൽ, ഇതു കൃത്യമായ കണക്ക് ആണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗമായിട്ടാണ് ഇവരെ കണക്കാക്കുന്നത്. ഏകാന്തവാസമായതിനാൽ രോഗങ്ങളും മറ്റും കീഴടക്കുന്പോൾ മരുന്നും ചികിത്സാ സൗകര്യങ്ങളും ലഭിക്കാതെയാണ് ഇവരിൽ പലരും മരണത്തിനു കീഴടങ്ങിയത്.
അകലെനിന്നു കണ്ട്
ഈ ഗോത്രവിഭാഗത്തെപ്പറ്റി ഇന്നു പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം വളരെ ചുരുക്കമാണ്. ദ്വീപിനടുത്തു ബോട്ടുകളിലെത്തി അവരുടെ അന്പെയ്ത്ത് ഏൽക്കാത്തത്രയും നിശ്ചിത അകലത്തിൽനിന്ന് വീക്ഷിച്ചാണ് അവരെക്കുറിച്ചു പലതും മനസിലാക്കുന്നത്.
സെന്റിനൽ ദ്വീപിൽ തെങ്ങ് വളരുകയില്ല, എങ്കിലും തേങ്ങകൾ ഇവർക്കു പ്രിയങ്കരമാണ്. ദ്വീപിന് അടുത്തു ബോട്ടുകളിൽ എത്തുന്നവർ തേങ്ങയും മറ്റും ഇവർക്കു വെള്ളത്തിലൂടെ ഒഴുക്കിവിട്ടു നൽകാറുണ്ട്. നഗ്നരായിട്ടാണ് ഇവരുടെ ജീവിതം.
സ്ത്രീകൾ കാട്ടുമരങ്ങളിൽനിന്നുള്ള നാരുകൾ പോലുള്ള ചരടുകൾ അരയിലും കഴുത്തിലും തലയിലും ചുറ്റിയാണ് നടപ്പ്. പുരുഷന്മാർ മാല കഴുത്തിൽ ധരിക്കാറുണ്ട്. ചിലർക്കു തലയിൽക്കെട്ടുമുണ്ട്. മുഖത്തു ചായം പൂശിയിട്ടുണ്ട്. അന്പും വില്ലും എപ്പോഴും ഇവരോടൊപ്പമുണ്ട്.
ഹെലികോപ്റ്ററിനു നേരേ
1960കളിൽ നരവംശ ശാസ്ത്രജ്ഞർ ഈ ദ്വീപിൽ സന്ദർശനം നടത്താറുണ്ടായിരുന്നുവത്രേ. ഗോത്രക്കാർക്കു പല സമ്മാനങ്ങളും നൽകി അവരെ അനുനയത്തിൽ വശത്താക്കിയായിരുന്നു ശാസ്ത്രജ്ഞർ ഈ ദ്വീപിൽ എത്തിയത്. എന്നാൽ, പിന്നീടു ശാസ്ത്രജ്ഞരെ ഇവർ ദ്വീപിൽനിന്നു പുറത്താക്കി. അതിന്റെ കാരണം വ്യക്തമല്ല. ഇവർ നല്ല ആരോഗ്യമുള്ളവരാണ്. ശരാശരി അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ളവർ.
2004ൽ സുനാമിയുണ്ടായപ്പോൾ ദ്വീപിനു മുകളിലൂടെ പറന്ന ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവർ അമ്പെയ്തു വീഴ്ത്താനൊരുങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സെന്റിനെൽ ദ്വീപിലേക്കു സന്ദർശനം പാടില്ലെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജീവൻ വച്ചുള്ള കളി
1981ൽ ഹോങ്കോങ്ങിൽനിന്നുള്ള ഒരു കപ്പൽ ഈ ദ്വീപിനടുത്തു മണലിൽ ഉറച്ചുപോയി. പിറ്റേന്നു രാവിലെ കപ്പലിലുള്ളവർ കണ്ടത്. അൻപതോളം നഗ്നരായ മനുഷ്യർ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയിൽ നിൽക്കുന്നതാണ്.
അവർ തടികൊണ്ടുള്ള ചങ്ങാടം നിർമിക്കാൻ ഒരുങ്ങുകയാണെന്നു കപ്പലിലുള്ളവർക്കു മനസിലായി. ഇതോടെ കപ്പലിലുള്ളവർ ഭയന്നു വിറച്ചുപോയി. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ക്യാപ്റ്റൻ അപകട സന്ദേശം അയയ്ക്കുകയും കപ്പൽ ജീവനക്കാരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയുമായിരുന്നു.
2006ൽ ദിശതെറ്റി ദ്വീപിൽ അകപ്പെട്ട ഇന്ത്യക്കാരായ രണ്ടു മത്സ്യത്തൊഴിലാളികളെ ദ്വീപ് നിവാസികൾ കൊലപ്പെടുത്തിയിരുന്നു.