ലണ്ടൻ: മുൻ ലോക ഒന്നാം നന്പർ താരം ബ്രിട്ടന്റെ ആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു. തുടർച്ചയായി അലട്ടുന്ന പരിക്കാണ് 31-ാം വയസിൽ വിരമിക്കാൻ മുറയെ നിർബന്ധിതനാക്കിയത്. ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണോടെ സജീവ ടെന്നിസിൽ നിന്നും പടിയിറങ്ങുകയാണെന്ന് മുറെ വ്യക്തമാക്കി. കണ്ണീരോടെയാണ് താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച നൊവാക് ജോക്കോവിച്ചിനെതിരേ നടന്ന പരിശീലന മത്സരത്തിലും പരിക്ക് മുറെയ്ക്ക് വില്ലനായിരുന്നു. ഇതോടെയാണ് വിരമിക്കൽ അടിയന്തരമായി താരം തീരുമാനിച്ചത്.
റോജർ ഫെഡറർ, റഫാൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുടെ പ്രതാപ കാലത്ത് കളിച്ചിട്ടും മുറെ മൂന്ന് ഗ്രാന്റ് സ്ലാമുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. രണ്ടു ഒളിന്പിക്സ് സ്വർണവും മുറെ ബ്രിട്ടന് വേണ്ടി നേടിയിട്ടുണ്ട്.