തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം ഹോം മത്സരത്തിൽ കേരളം ആന്ധ്രയെ ഒന്പതു വിക്കറ്റിന് പരാജയപ്പെടുത്തി. സെന്റ് സേവ്യേഴ്സ് കോളജ്-കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ നാലാം ദിവസമായ ഇന്നലെ രാവിലെതന്നെ കേരളം ജയം കണ്ടെത്തി. 43 റണ്സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടെത്തി.
ജലജ് സക്സേനയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ട് ഇന്നിംഗ്സുകളിൽനിന്നായി ഒന്പത് വിക്കറ്റും വീഴ്ത്തിയ സക്സേനയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ആന്ധ്ര 254, 115. കേരളം 328, ഒരു വിക്കറ്റ് നഷ്ടത്തിൽ 43.
രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരേ കേരളത്തിന്റെ 14-ാമത്തെ വിജയമാണ്. 2011-12 സീസണിലാണ് കേരളം ആന്ധ്രയെ അവസാനം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ലഭിച്ച ആറ് പോയിന്റുൾപ്പെടെ കേരളത്തിന് എലൈറ്റ് എയിലെ ബി ഗ്രൂപ്പിൽ ഏഴ് പോയിന്റാണുള്ളത്. ഹൈദരാബാദുമായി നടന്ന ആദ്യ മത്സരം സമനിലയിലായിരുന്നു.
20ന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽവച്ച് ബംഗാളുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിലുള്ള ടീമിനൊപ്പം ഓൾറൗണ്ടർ വിനോദ്കുമാറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സക്സേനയ്ക്ക് സമ്മാനം
ആന്ധ്രക്കെതിരേ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ച ജലജ് സക്സേനയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പാരിതോഷികം പ്രഖ്യാപിച്ചു.
കെസിഎ ഭാരവാഹികളും ബിസിസിഐ പ്രതിനിധി ജയേഷ് ജോർജുമടങ്ങുന്ന കമ്മിറ്റി ഒരു ലക്ഷം രൂപ സമ്മാനിക്കാൻ തീരുമാനിച്ചതായി കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു. ആന്ധ്രക്കെതിരേ താരം രണ്ട് ഇന്നിംഗ്സിലുമായി ഒന്പത് വിക്കറ്റും ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടി.