പിന്നണി ഗായികയായി എത്തി പിന്നീട് ബിഗ് സ്ക്രീനിലേക്കും എത്തിയ നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു.
തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.
താൻ ചെയ്ത ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ആൻഡ്രിയ. ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലെ കഥാപാത്രത്തെ കുറിച്ചാണ് താരം തമിഴ് മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ അമീറിനൊപ്പമാണ് കിടപ്പറ രംഗത്തിൽ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താൻ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു.
അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ഇഴുകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് സമീപിക്കുന്നത്.
എന്നാൽ അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകൾ ചെയ്യില്ല. സഹതാരവുമായി യാതൊരു ഇഴുകി ചേർന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങൾ ചെയ്യാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്.
മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാനും തയാറാണ്- ആൻഡ്രിയ പറഞ്ഞു.