ഋഷി
ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 14നു വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതിൽ പുറത്തു നിന്ന് അടച്ച നിലയിൽ കണ്ടത്.
തുടർന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഡ്രോയിംഗ് മുറിക്കടുത്തുള്ള മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ ആലീസിനെ കണ്ടത്.
പ്രഫഷണൽ മോഷ്ടാക്കളുടെ നിഗമനം
റോഷൻ ആൻഡ്രൂസിന്റെ മുംബൈ പോലീസ് എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രമായ ആര്യൻ ജോണ് കൊല്ലപ്പെട്ടതിന്റെ അന്വേഷണവഴിയിൽ പൃഥ്വിരാജിന്റെ ആന്റണി മോസസ് എന്ന കഥാപാത്രം ഒരു ഷാർപ്പ് ഷൂട്ടറോട് അവരുടെ പ്രവർത്തന രീതി എങ്ങിനെയാണെന്ന് ചോദിക്കുന്നുണ്ട്.
ആ രംഗത്തിൽ ഷൂട്ടർ പറയുന്ന കാര്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകുന്നുമുണ്ട്. ആനീസ് കൊലക്കേസിലും ഇത്തരം ഒരു സിറ്റുവേഷനുണ്ടായി.
അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിൽ മോഷ്ടാക്കളുടെ രീതികളെകുറിച്ചറിയാൻ പോലീസ് നടത്തിയ അന്വേഷണമായിരുന്നു അത്. മോഷ്ടാവിന്റെ പ്രവർത്തന രീതിയെക്കുറിച്ച് കളത്തിലുള്ള മോഷ്ടാക്കൾക്ക് അത്ഭുതമാണുള്ളത്.
ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താൻ തെരഞ്ഞെടുക്കാത്ത സമയമാണ് ആനീസിന്റെ കേസിലുണ്ടായിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രഫഷണൽ മോഷ്ടാക്കൾ ഇതിനു പിന്നിലുണ്ടാകാൻ സാധ്യത കുറവാണെന്നും പോലീസിന്റെ ചോദ്യം ചെയ്യലുകളിൽ പല മോഷ്ടാക്കളും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിൽ അൽപം കാര്യമുണ്ടെന്നു തന്നെയാണ് പോലീസിന്റെയും നിഗമനം. മാത്രമല്ല വളരെ എളുപ്പത്തിൽ എടുത്തുകൊണ്ടുപോകാവുന്ന പണ്ടവും പണവും വേണ്ടെന്നു വച്ച് കൈയിൽ മുറുകി കിടക്കുന്ന വള മോഷ്ടിക്കുന്ന രീതിയും പ്രഫഷണൽ മോഷ്ടാക്കൾക്കുണ്ടാവില്ലെന്നും കിട്ടിയ സമയം കൊണ്ട് വീടു കാലിയാക്കുന്ന രീതിയാണ് പൊതുവെയെന്നും മോഷ്ടാക്കൾ വിശദീകരിക്കുന്നു.
അജ്ഞാത കൊലപാതകിയെ തേടി പോലീസ് അവസാന ലാപ്പിൽ
അജ്ഞാതനായ കൊലപാതകിയും പോലീസും തമ്മിലുള്ള ഒളിച്ചുകളിയുടെ അവസാന ലാപ്പാണിപ്പോൾ നടക്കുന്നത്. എട്ടുമാസവും മികച്ച രീതിയിലുള്ള അന്വേഷണമാണ് ലോക്കൽ പോലീസ് നടത്തിയതെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. ശാസ്ത്രീയ രീതിയിലുള്ള കുറ്റാന്വേഷണത്തിൽ വരുന്ന കാലതാമസം ഇവിടെയുമുണ്ടായി.
കൊലനടന്ന വീടിന്റെ നാലു ദിശകളിലെ അഞ്ഞൂറു മീറ്റർ ചുറ്റളവിൽ വരുന്ന വീടുകളിൽ പോലീസ് എത്തി വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ഇപ്പോൾ നടത്തിക്കഴിഞ്ഞു. ജില്ലയിലെ ക്രിമിനലുകൾ, മുൻ കൊലക്കേസ് പ്രതികൾ തുടങ്ങി നിരവധി പേരെയും ആനീസിന്റെയും ഭർത്താവിന്റെയും സുഹൃത്തുക്കൾ, ബന്ധുക്കൾ, ഇവരുമായി അടുപ്പമുള്ളവർ എന്നിവരേയും ചോദ്യം ചെയ്തിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണസംഘമെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനുള്ള തീരുമാനം കൈയെത്തും ദൂരത്തെത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനു മുന്പ് ആനീസിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്താൻ ലോക്കൽ പോലീസ് അരയും തലയും മുറുക്കി കളത്തിലിറങ്ങിക്കഴിഞ്ഞു.
കാത്തിരിക്കാം ക്ലൈമാക്സിനായി
ആനീസ് കൊലക്കേസിന്റെ ക്ലൈമാക്സ് വരാനിരിക്കുന്നതേയുള്ളു. ആരായിരിക്കും അജ്ഞാതനായ ആ കൊലയാളി… എന്തായിരിക്കാം കൊലപാതകത്തിന്റെ കാരണം..സ്വർണവും പണവും വേണ്ടെന്നുവച്ച് വളകൾ കവർന്നതെന്തിന്…
ഒരു തെളിവുപോലും ഇല്ലാതെ എങ്ങിനെ കൃത്യം നടത്താനായി… ചോദ്യങ്ങൾ പലതാണ്.. ചങ്കിടിപ്പോടെ ആകാംക്ഷയോടെ കാത്തിരിക്കാം…ലോക്കൽ പോലീസിന്റെ മികവ് പ്രകടമാകുന്ന ആ ക്ലൈമാക്സിനായി…