സ്വന്തം ലേഖകൻ
തൃശൂർ: ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിൽ നിർണായക തെളിവാകുമെന്നു കരുതുന്ന കട്ടറിന്റെ രാസപരിശോധന പൂർത്തിയായില്ല.
കട്ടറിൽ കണ്ട പാടുകൾ രക്തക്കറയാണോ തുരുന്പാണോ എന്നതടക്കമുള്ള ശാസ്ത്രീയ പരിശോധയാണ് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ ലാബിൽ നടത്തുന്നത്.
കട്ടറിലേതു രക്തക്കറയാണെങ്കിൽ അന്വേഷണസംഘത്തിന് അത് പ്രധാനപ്പെട്ട തെളിവും തുന്പുമാകുമെന്നാണു പ്രതീക്ഷ. കട്ടറിൽ തുരുന്പെടുക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
രക്തക്കറയാണെങ്കിൽ ഡിഎൻ എ വേർതിരിച്ചെടുക്കാനുള്ളത്ര അളവ് കട്ടറിലുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. രക്തക്കറ ആനീസിന്റെ തന്നെയാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. കട്ടറിൽ വിരലടയാളങ്ങൾ എന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കും.
കഴിഞ്ഞമാസം പകുതിയോടെയാണ് ആനീസിന്റെ വീടിനു അന്പതു മീറ്റർ മാറി ആൾതാമസമില്ലാത്ത വീടിന്റെ പറന്പിൽ നിന്നും കട്ടർ കണ്ടെത്തിയത്.
ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചത് ഈ കട്ടറാണോ എന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കട്ടറിന്റെ രാസപരിശോധന എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇപ്പോൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ലാബ് അധികൃതരോടു പറഞ്ഞിട്ടുണ്ട്.