മുക്കം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയപ്പോൾ ആംഗൻവാടി വർക്കർമാരെയും ഹെൽപ്പർ മാരെയും അവഗണിച്ചു.ഐസിഡിഎസ് മുക്കം പ്രൊജക്റ്റിന് കീഴിലുള്ള മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ ആംഗൻവാടി ജീവനക്കാരോടാണ് ഈ അനീതി. ജില്ലയിൽ മറ്റിടങ്ങളിൽ ജീവനക്കാർക്ക് അവധി നൽകുകയും ചെയ്തു.
സർക്കാരിന്റെ വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനും അവയുടെ സർവേ നടപടികൾക്കും മറ്റും നിയോഗിക്കപ്പെട്ട് തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്ന ആംഗൻവാടി ജീവനക്കാർക്ക് പൊതു അവധി ദിവസങ്ങളിൽ വരെ ചെയ്താൽ തീരാത്ത ജോലി ഭാരമുള്ളപ്പോഴാണ് പ്രകൃതിക്ഷോഭം ഭയന്ന് ലീവ് നൽകിയപ്പോൾ പോലും അവഗണിച്ചത്.
ജീവനക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് അതത് ഐസിഡിഎസ് സൂപ്പർവൈസർമാരെ ബന്ധപ്പെട്ട ആംഗൻവാടി ജീവനക്കാർ ബന്ധപ്പെട്ടപ്പോഴാണ് ഇന്നലെ പ്രവൃത്തി ദിനമാണന്നറിയിച്ചത്. അതേ സമയം ആംഗൻവാടി കുട്ടികൾക്ക് അവധി നൽകുകയും ചെയ്തു.
ഒരു കുട്ടിയെ പോലും പഠിപ്പിക്കാത്ത അവസ്ഥയിലും ജീവനക്കാർ ആംഗൻവാടിയിലെത്തണമെന്ന വിചിത്ര നിർദേശം നൽകിയത് ജില്ലാ പ്രോഗ്രാം ഓഫീസറാണത്രേ .ആംഗൻവാടികളിലെത്തി ഭക്ഷണമടക്കം പാകം ചെയ്ത് കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകണമെന്നും നിർദേശം നൽകിയിരുന്നു.ഇത്തരത്തിൽ ജീവനക്കാരെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കാനാവില്ലന്ന് ജീവനക്കാർ പറയുന്നു.
സംഭവം വിവാദമായങ്കിലും നിലപാട് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ഇന്നും ജീവനക്കാർ എത്തണമെന്ന് നിർദേശം നൽകിയതായും അറിയുന്നു പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കഴിഞ്ഞ രണ്ടുദിവസം അവധി നൽകിയത് .