മുക്കം: അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് വയസിളവ് അനുവദിച്ചുകൊണ്ട് സർക്കാർ മുൻ ഉത്തരവ് ഭേദഗതി ചെയ്തു. വർക്കർ, ഹെൽപ്പർ നിയമനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവും താത്ക്കാലിക സേവനമനുഷ്ഠിച്ച കാലയളവിൽ പരമാവധി മൂന്നുവർഷം വരെ ഇളവുമാണ് പുതിയ ഭേദഗതി പ്രകാരം നിലവിൽ വരുക.
അങ്കണവാടി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 44 വയസായി നിശ്ചയിച്ചുകൊണ്ട് 2008 ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ വയസിളവ് അനുവദിച്ചിരുന്നു.
എന്നാൽ 2012 ൽ അങ്കണവാടി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 44 നിന്ന് 46 വയസാക്കി സർക്കാർ ഉത്തരവിറക്കിയപ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വയസിൽ മുൻ ഉത്തരവിൽ പരാമർശിച്ച വയസിളവിനെ സംബന്ധിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല.