തിരുവനന്തപുരം: കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡയറിക്കുറിപ്പിലെ ആരോപണ വിധേയരായവരില്‍ നിന്നും പോലീസ് മൊഴിയെടുക്കും.
അഞ്ചുതെങ്ങ് കായിക്കര വി.പി നിവാസില്‍ ആനി (48)യുടെ മരണത്തിലാണ് അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം രാവിലെയാണ് ആനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്നും ആനിയുടെ ഡയറിയില്‍ തന്റെ സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്ന ആനിയ്ക്ക് ജോലി ചെയ്യുന്ന ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത മാനസിക പീഡനം ഏറ്റിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അഞ്ചുതെങ്ങ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ പേരുകള്‍ ആനിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഡയറി പോലീസിന് ബന്ധുക്കള്‍ കൈമാറുകയും ഡയറിയുടെ ഉള്ളടക്കം ബന്ധുക്കള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആനി മൂകയായി കഴിയുകയായിരുന്നു. എന്നാല്‍ ഓഫീസില്‍ ജോലിക്ക് പോയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആനിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്ന് പോലീസ് അഭ്യർയര്ഥിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഭര്‍ത്താവുമായി ഏറെ നാളായി അകന്ന് മക്കളോടൊപ്പമാണ് ആനി താമസിച്ച് വന്നിരുന്നത്. സി.എ. വിദ്യാര്‍ഥിയായ വിഷ്ണുവും പിഎസ് സി പരിശീലനത്തിന് പഠിക്കുന്ന പാര്‍വതിയുമാണ് മക്കള്‍.