മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം ആൾക്കാരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്.സാധാരണയായി മർദ്ദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണു ആണിരോഗമെന്നു പറയാറുള്ളത്.
ആണിരോഗം വിവിധതരം
പൊതുവേ രണ്ടുതരം ആണിരോഗങ്ങളുണ്ട് – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle) .കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്.
കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ.കാൽ വിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്.
കാലിന്റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ അരിന്പാറ വന്നാലും ആണി പോലെ തന്നെ തോന്നാം. അരിന്പാറയാണെങ്കിൽ അവയിൽ അമർത്തിയാൽ വേദനയുണ്ടാവില്ല. പുറത്തേക്കു വലിച്ചാലാണു വേദന തോന്നുക. എന്നാൽ ആണിയിൽ അമർത്തുന്പോൾ വേദന തോന്നും. പുറത്തേക്കു വലിച്ചാൽ വേദനയുണ്ടാകില്ല.
കാരണം
ത്വക്കിന്റെ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉരസലും മർദവുമാണു കാരണമെന്നു പൊതുവെ പറയാറുണ്ടെങ്കിലും എന്തുകൊണ്ട് എല്ലാവർക്കും ഉണ്ടാകുന്നില്ല എന്നതിനുത്തരം സുവ്യക്തമല്ല. ഈ ഭാഗങ്ങളിൽ കാണുന്ന ചില വൈറസുകളുടെ സാന്നിദ്ധ്യവും ചിലതരം മുള്ളുകൾ കാലിൽ തറച്ചാൽ ഇതു വരുന്നു എന്നതും, ആണിയുള്ള ഒരാളുടെ ചെരിപ്പുപയോഗിച്ചതിനു ശേഷം വന്നു എന്ന രോഗികളൂടെ പറച്ചിലും കണക്കിലെടുത്താൽ ഇവ എങ്ങനെയുണ്ടാകുന്നു എന്നതിന് ഇന്നു കരുതപ്പെടുന്ന ഉത്തരങ്ങൾ പൂർ്ണമായും ശരിയാണെന്നു തോന്നുന്നില്ല.
പരിഹാരമെന്ത്..?
നന്നായി കുതിർത്ത ശേഷം പരുപരുത്ത വസ്തുക്കൾ കൊണ്ട് ഉരച്ചു കളയുന്നതാണു താൽക്കാലിക പരിഹാരം.കോണ് റിമൂവൽ പ്ലാസ്റ്ററിൽ അടങ്ങിയിരിക്കുന്ന 0.04 ഗ്രാം സാലിസിലിക് ആസിഡ് ആ ഭാഗത്തെ ത്വക്കിനെ ദ്രവിപ്പിച്ച് കട്ടി കുറയ്ക്കുന്നു. ചിലപ്പോൾ അസുഖമില്ലാത്ത ഭാഗങ്ങളിലെയും തോലിളകി പോവുകയോ പഴുപ്പു ബാധിക്കുകയോ ചെയ്യാറുണ്ട്.
അതിനാൽ ഒരു പാദരോഗ വിദഗ്ധന്റെ സഹായത്തോടെയേ ഇത്തരം പരിപാടികൾ ചെയ്യാവൂ.ആവണക്കെണ്ണ പുരട്ടുന്നതും കോണ് പ്ലാസ്റ്റർ ഉപയോഗിക്കുന്നതും രോഗം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും വീണ്ടും വരുന്ന പ്രവണത തടയാനാവില്ല.
ഹോമിയോപ്പതിയിൽ
ഹോമിയോപ്പതി വൈദ്യശാസ്ത്ര ചിന്തയനുസരിച്ച് നമ്മുടെ തനതായ ശരീരപ്രകൃതം കൊണ്ടാണിതു വരുന്നത്. അതു മാറ്റിയാൽ മാത്രമേ ഇതു വീണ്ടും വരാതെയിരിക്കുകയുള്ളു. അതിനു ബാഹ്യലേപനങ്ങൾ മാത്രം പോര. ശാരീരിക മാനസിക പ്രകൃതമനുസരിച്ചുള്ള ആന്തരിക മരുന്നുകൾ കൂടി കഴിക്കേണ്ടി വരും. ഹോമിയോപ്പതി ചികിൽസ കൊണ്ടു തീർത്തും ഇല്ലായ്മ ചെയ്യാവുന്ന രോഗമാണ് ആണി രോഗം.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239
[email protected]