നാസയുടെ ബഹിരാകാശദൗത്യത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്രജ്ഞർക്കു മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടികളുണ്ട്. ബഹിരാകാശത്തെ സാഹചര്യങ്ങളുമായി അവരുടെ മനസും ശരീരവും പൊരുത്തപ്പെടുന്നതിനാണിത്. പരിശീലനകാലത്ത് സ്പേസ് സ്യൂട്ടണിഞ്ഞ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ എടുക്കുന്ന ഒരു ചടങ്ങുമുണ്ട്.
ഒരേ ദൗത്യത്തിൽപ്പെട്ടവർ ഒരുമിച്ചുനിന്ന് ചിത്രങ്ങൾ എടുക്കുന്നതാണ് ഈ ഫോട്ടോ ഷൂട്ടിന്റെ പതിവുരീതി. എന്നാൽ, ആനി സി മക്ക്ലെയിൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞ തന്റെ നാലു വയസുകാരൻ മകനൊപ്പമാണ് ചിത്രങ്ങൾ എടുത്തത്. പതിവു ശൈലിയിൽനിന്നു വ്യത്യസ്തമായ ആനിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ഒരു അടിക്കുറിപ്പും ആനി നല്കിയിരുന്നു; ഇവനെ പിരിയണമെന്നതാണ് സങ്കടകരം. അടുത്ത നവംബറിലാണ് ആനി ബഹിരാകാശത്തേക്കു പറക്കുന്നത്. മുൻ ബഹിരാകാശയാത്രികനായ ലെലൻഡ് മെൽവിന്റെ ചിത്രങ്ങളും ഇത്തരത്തിൽ ശ്രദ്ധേയമായിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കളായ ജേക്കിനും സ്കൗട്ടിനുമൊപ്പമായിരുന്നു മെൽവിന്റെ ഫോട്ടോഷൂട്ട്!