കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെ ആറന്മുള പഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവില്‍ നിന്നും തോട്ടപ്പുഴശേരി പഞ്ചയത്തിലെ കിഴവറ കടവിലേക്ക് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ആഞ്ഞിലിമൂട്ടില്‍ പാലത്തിന്റെ നിര്‍മാണം 85 ശതമാനം പൂര്‍ത്തീകരിച്ചു. ഓണ സമ്മാനമായി പാലം, നാടിന് സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിർമാണ ജോലികളാണ് നടക്കുന്നത്. റിക്കാര്‍ഡു സമയത്തിനുള്ളിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
2017 തുടക്കത്തിലാണ് നിര്‍മാണം ആരംഭിച്ചത്. 11 കോടി രൂപയാണ് മതിപ്പ് ചെലവ്.156 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഇതില്‍ 7.5 മീറ്റര്‍ മതിയാകും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍. രണ്ട് സ്പാനുകളും അപ്രോച്ചു റോഡും മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. അപ്രോച്ച് റോഡ് നിര്‍മാണത്തിന് ആവശ്യമായ തുക ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. ധന കാര്യവകുപ്പില്‍ നിന്നും തുക ലഭിക്കുന്ന മുറയ്ക്ക് നിർമാണവും ആരംഭിക്കും.
ഉയര്‍ന്ന സാങ്കേതിക നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. പാലത്തിന്റെ മുഴുവന്‍ നിർമാണ ജോലികളും ജൂണ്‍ മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ താമസമുണ്ടാകുമെന്നതുകൊണ്ടാണ് ഉദ്ഘാടനം ഓണ സമ്മാനമായി ചിങ്ങമാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും പാലം യാഥാർഥ്യമാകുന്നതോടെ കോഴഞ്ചേരി പട്ടണത്തിലെ തിരക്ക് കുറയുമെന്നും കോഴഞ്ചേരി പാലത്തിന് സമാന്തരമായിട്ടുള്ളതായിരിക്കും ആഞ്ഞിലിമൂട്ടില്‍ പാലമെന്നും അധികൃതര്‍ പറഞ്ഞു.
പാലത്തിന്റെ കീഴിലൂടെ പള്ളിയോടങ്ങള്‍ക്ക് സുഗമമായി തുഴഞ്ഞുപോകാന്‍ കഴിയുമെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനൂപ് ജോയി രാഷ്്രടദീപികയോട് പറഞ്ഞു. നിലവിലുള്ള ജലനിരപ്പില്‍ നിന്നും 12.5 മീറ്റര്‍ ഉയരത്തിലാണ് പാലത്തിന്റെ മുകള്‍ വശം സ്ഥിതി ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ പള്ളിയോടങ്ങളുടെ യാത്രയ്ക്ക് ഒരു തടസവുമുണ്ടാകുകയില്ല. കോഴഞ്ചേരി പാലത്തിന്റെയും നിര്‍ദിഷ്ട ആഞ്ഞിലിമൂട്ടില്‍ പാലത്തിന്റെയും മുകള്വശത്തുനിന്നും താഴോട്ടുള്ള ജലനിരപ്പ് ഒരുപോലെയാണെന്നും അനൂപ് ജോയി പറഞ്ഞു.