ഇടുക്കി: എല്ലാവരെയും കണ്ണീരിലാഴ്ത്തി ആന്‍ മരിയ ജോയി (17) വിട പറഞ്ഞു. ജൂണ്‍ ഒന്നിന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ആന്മരിയയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ കൊച്ചി അമൃത ആശുപത്രിയിലും എത്തിച്ചിരുന്നു.’
ഏതാനും ദിവസം മുമ്പ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ രാത്രി 11.40 ഓടെയാണ് മരണം സംഭവിച്ചത്.
ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെ മകളാണ് ആന്മരിയ. ഹൃദയാഘാതം ഉണ്ടായ ആന്‍ മരിയയെ അതിവേഗത്തില്‍ കട്ടപ്പനയില്‍ നിന്നു കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാനായി നാട് ഒന്നാകെ കൈകോര്‍ത്തത് കേരളമാകെ വാര്‍ത്തയായിരുന്നു.
സംസ്കാരം നാളെ രണ്ടിന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.
സമാനതയില്ലാത്ത ദൗത്യം, പക്ഷെ…
സമാനതകളില്ലാത്ത ദൗത്യമാണ് ആന്മരിയയുടെ ജീവന് രക്ഷിക്കാനായി സമൂഹം ഏറ്റെടുത്തത്. പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുഴഞ്ഞു വീണ ആന്‍ മരിയയെ അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മന്ത്രി റോഷി അഗസ്റ്റിനും ഇടപെട്ടതോടെ ദൗത്യത്തിനു വേഗമേറി.
ആംബുലന്‍സിന് വഴിയൊരുക്കി നാടൊന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും ആംബുലന്‍സ് എത്തുന്നതും കാത്ത് അകമ്പടിയൊരുക്കാന്‍ പോലീസ് കാത്തു നിന്നു.
പ്രധാന ടൗണുകളിലെല്ലാം ഗതാഗതം നിയന്ത്രിച്ച് പോലീസ് ആംബുലന്‍സിനു വഴിയൊരുക്കി.ആംബുലന്‍സ് ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും പൊതുജനങ്ങളുമെല്ലാം റോഡരുകില്‍ സൗകര്യം ഒരുക്കിയിരുന്നു.
മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമെല്ലാം വാര്‍ത്ത പരന്നതോടെ റോഡരുകിലെല്ലാം ആംബുലന്‍സ് കടന്നു പോകുന്നത് കാണാന്‍ നിരവധിയാളുകളാണ് കാത്തു നിന്നത്.
പിന്നീട് കേരളമൊന്നാകെ പ്രാർഥനയോടെ ആന്മരിയ മടങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കാത്തിരുന്നവരെയെല്ലാം ദുഃഖത്തിലാക്കി ആന്മരിയ മടക്കമില്ലാത്ത ലോകത്തേക്കു യാത്രയായി.