കാടുകുറ്റി: സംസാരശേഷിയും കേൾവിശക്തിയുമില്ലാതെ ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ആൻമരിയ ക്രിസ്റ്റിക്ക് തുടർപഠനത്തിന് ആവശ്യമായ സാന്പത്തിക സഹായം നൽകാൻ സന്നദ്ധത അറിയിച്ച് അമേരിക്കയിൽ നിന്നൊരു മലയാളി കുടുംബം.
“മൗനം പടരുന്ന വീട്ടിൽ എ പ്ലസ് ആഹ്ലാദം, ആൻമരിയ ക്രിസ്റ്റിന്റെ നേട്ടത്തിന് വജ്രത്തിളക്കം’ എന്ന ശീർഷകത്തിൽ ഈ കുട്ടിയെയും കുടുംബത്തിന്റെ സാന്പത്തിക പരാധീനതകളെ കുറിച്ചും കഴിഞ്ഞയാഴ്ച ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പേർ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ കുടുംബം കുട്ടിയുടെ പ്ലസ് ടുവിനും തുടർന്നുള്ള ഉപരിപഠനത്തിനും ആവശ്യമായ മുഴുവൻ ചെലവുകളും വഹിക്കാനുള്ള സന്നദ്ധതയാണ് അറിയിച്ചിരിക്കുന്നത്. യൂണിഫോം, പുസ്തകങ്ങൾ, ഹോസ്റ്റൽ ഫീസ്, സ്കൂൾ ഫീസ് അടക്കമുള്ള മുഴുവൻ ചെലവുകളും നൽകും.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വൈന്തല പാളയംപറന്പ് കൂടരപ്പിള്ളി ക്രിസ്റ്റിൻ ജോണിന്റെയും ടെസിയുടെയും മകളാണ് ആൻമരിയ. മാതാപിതാക്കൾക്കും ഏക സഹോദരനായ അതുലിനും സംസാരശേഷിയോ കേൾവിശക്തിയോ ഇല്ല. ആൻമരിയയുടെ പിതാവ് ക്രിസ്റ്റിൻ ജോണിന് ചാലക്കുടിയിലെ അവാർഡ് ഭവനിൽ തയ്യൽ ജോലികളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടും പെൻഷൻ തുക കൊണ്ടുമാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും കുടുംബചെലവുകളും നിവർത്തിച്ചുപോരുന്നത്.
ജന്മനാ ലഭിച്ച വെല്ലുവിളികൾക്ക് പുറമെ സാന്പത്തിക പരാധീനതകളും വന്നതോടെ നിസഹായാവസ്ഥയിലായ ഇവർക്ക് ഈ അമേരിക്കൻ മലയാളി കുടുംബം കാണിച്ച സന്മനസ് തികച്ചും ആശ്വാസമായി മാറിയിരിക്കുകയാണ്. കാലടി മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ ഹയർസെക്കനൻഡറി സ്ക്കൂളിൽ പഠിച്ച ആൻമരിയക്ക് തുടർന്നും ഇവിടെ പഠിക്കാനാണിഷ്ടം.